കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച സാഹചര്യത്തില്‍ ബംഗാളില്‍ സൈന്യത്തിന്റെ സഹായം വേണമെന്ന മമത ബാനര്‍ജി സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തില്‍ സഹായിക്കാനായി ഇന്ത്യന്‍ സംഘത്തിന്റെ അഞ്ച് സംഘങ്ങളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.
ലോക്ക്ഡൗണിന്റെ പരിധിക്കുള്ളില്‍ നിന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. പിഎം മോദി ബംഗാൾ സന്ദർശിക്കുകയും അടിയന്തിര സഹായമായി 1000 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ദേശീയ ദുരന്ത നിവാരണസേന ബംഗാളില്‍ 10 ടീമുകളെക്കൂടി രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു.
നിലവില്‍ സംസ്ഥാനത്ത് ഉംപുന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 26 ടീമുകളെക്കൂടാതെയാണ് 10 അധിക ടീമുകളെ വിന്യസിച്ചിരിക്കുന്നത്.വിവിധ വകുപ്പുകളില്‍നിന്നായി നൂറിലധികം ടീമുകളാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലിയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Post Your Comments