KeralaLatest NewsNews

കോവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത്

തിരുവനന്തപുരം • കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളിൽ മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇത്തരം സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽകരണ പരിപാടികൾക്ക് രൂപം നൽകി.

യുവജനങ്ങൾ, മുതിർന്ന പൗരൻമാർ എന്നിവർക്കിടയിൽ മാസ്‌ക്ക് ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവൽകരണം നടത്തും. കേരള പൊലീസ് ഇപ്പോൾ നടത്തിവരുന്ന ക്യാംപെയ്നിന്റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയൻ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർമാരായി നിയോഗിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറെയ്ൻ ലംഘനത്തിന് 12 പേർക്കെതിരെ കേസ് എടുത്തു.

ലോക്ക്ഡൗൺ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാർ അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നവരെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ജോലിയുള്ളവർ തിരുവനന്തപുരത്തും മറ്റും വീടുകളിൽ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങൾ ജില്ലാ കലക്ടർമാർ ശേഖരിച്ച് പ്രത്യേക കെഎസ്ആർടിസി ബസിൽ അവരെ ജോലിയുള്ള ജില്ലകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാരെ ബ്ലോക്ക് തലത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയിൽ രണ്ടുദിവസം വീതം കലക്ഷൻ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്റ്റോഫീസിൽ തുക നിക്ഷേപിക്കുന്നതിനും അനുമതി നൽകും. കറൻസിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗം നിർബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജൻറുമാർ ഭവനസന്ദർശനം നടത്തരുത്.

ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനം ഇപ്പോൾ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന വിവിധ സബ്സിഡികൾ തുടരാനാകില്ല. പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സർക്കാർ ആയിരിക്കും.

കൺകറൻറ് ലിസ്റ്റിൽപ്പെടുന്ന വിഷയത്തിൽ കൂടുതൽ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button