തിരുവനന്തപുരം: മദ്യം ലഭിക്കാൻ ടോക്കൺ സംവിധാനം ഒരുക്കുന്ന ബെവ് ക്യൂവിനു ഗൂഗിള്‍ അനുമതി ഇന്നു ലഭിച്ചാൽ മദ്യശാലകൾ ശനിയാഴ്ചയോടെ തുറക്കും. പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യുന്നതിനാണ് സുരക്ഷാ അനുമതി തേടി ബവ്കോ ഗൂഗിളിനെ സമീപിച്ചത്.
പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് ബെവ് ക്യൂ ആപിന്‍റെ സുരക്ഷാ അനുമതിയ്ക്കായി ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. ചൊവ്വാഴ്ച തന്നെ അനുമതി ലഭിക്കുമെന്നായിരുന്നു ബവ്കോയുടെ പ്രതീക്ഷ. എന്നാല്‍ അനുമതി വൈകി. ഇന്നു അനുമതി കിട്ടിയാല്‍ ഉടന്‍ പരീക്ഷണ പ്രവര്‍ത്തനത്തിലേക്ക് പോകും. അതിനു ശേഷം ആപ് ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കും.
ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ ക്ലിയറന്‍സ് വൈകുകയോ പരീക്ഷണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ മദ്യക്കടകള്‍ തുറക്കുന്നത് നീണ്ടേക്കും. സംസ്ഥാനത്തെ 545 ബാറുകളും 220 ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു.
ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഒരു ടോക്കണിനു 50 പൈസ വീതം ആപ് നിര്‍മിക്കുന്ന ഫെയര്‍കോഡ് കമ്പനിക്ക് നല്‍കണം. ബെവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 വിൽപന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് കേരളത്തിലുള്ളത്.
Post Your Comments