കോട്ടയം : തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോരുത്തോട് മടുക്ക സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാവ് ക്വാറന്റയിന്‍ ലംഘിച്ചതായി പരാതി. മേയ് 13 ന് മഹാരാഷ്ട്രയില്‍നിന്ന് കോഴിക്കോട് എത്തിയ മടുക്ക സ്വദേശിയെ കോരുത്തോട്നിന്ന് ഓട്ടോയുമായി പോയി കൊണ്ടുവന്നത് ബന്ധുകൂടിയായ കോണ്‍ഗ്രസ് നേതാവാണ്. ഇവര്‍ എത്തുന്നതിനു മുൻപേ ആരോഗ്യവകുപ്പ് വീട്ടുകാര്‍ക്ക് ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ഓട്ടോ ഡ്രൈവര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവിനും അതിനാല്‍ ക്വാറന്റയിന്‍ നിര്‍ദേശിച്ചിരുന്നു. ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് എത്തിയപ്പോഴൊക്കെ ഇയാള്‍ വീട്ടില്‍തന്നെ കഴിയുന്നതായി അവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ നിര്‍ദേശം വകവയ്ക്കാതെ 15 ന് ഇയാള്‍ മുണ്ടക്കയം സ്റ്റേഷനില്‍പ്പോയി കുമളി ചെക്ക്പോസ്റ്റില്‍നിന്ന് ആളെ കൊണ്ടുവരാന്‍ പാസ് എടുത്തു. ഒരാളെ കൊണ്ടുവരികയും ചെയ്തു. നാടിന്റെ സുരക്ഷ വകവയ്ക്കാതെ ഇറങ്ങിനടന്ന കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോരുത്തോട് പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കി.ഇപ്പോള്‍ ഇദ്ദേഹത്തെ ആരോഗ്യവകുപ്പ് നിര്‍ബന്ധിത ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കോരുത്തോട് പഞ്ചായത്ത് വിളിച്ച കോവിഡ് പ്രതിരോധത്തിനുള്ള സ്ഥാപനതല നിരീക്ഷണ സമിതിയില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധീര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി അടക്കം ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു.
Post Your Comments