തിരുവനന്തപുരം: ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിൽ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് ഉംപുന്‍ രൂപം കൊണ്ടിരിക്കുന്നത്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40- 50 കിലോമീറ്റര്‍ വേഗത്തില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍ തീവ്രത കുറഞ്ഞ് ഉംപുന്‍ വീണ്ടും അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരത്തെത്തുന്ന സമയത്ത് മണിക്കൂറില്‍ 155- 185 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നു.
ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്ക് പുറമേ സംസ്ഥാനത്ത് വേനല്‍ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ മഴയും ചില നേരങ്ങളില്‍ ശക്തമായ കാറ്റും ഈ മാസം 23 വരെ തുടരും.
Post Your Comments