തിരുവനന്തപുരം • ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ ചാര്‍ജ്ജ് ഇരട്ടിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം പിന്‍വലിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കോവിഡ്-19നെ തുടര്‍ന്ന് ലോക്ഡൗണ്‍ മൂലം കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം നികത്താന്‍ യാത്രക്കാരെ കൊള്ളയടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴവെട്ടുന്നതുപോലെയാണ് സര്‍ക്കാരെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടി സാധാരണ ജനങ്ങളുടെ നടുവൊടിച്ച സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ചാര്‍ജ്ജ് അമിതമായി കൂട്ടി കൊള്ളയടിക്കാനുള്ള ശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോവിഡ്-19ന്‍റെ ദുരന്തത്തിന് നടുവിലൂടെ സാധാരണ ജനങ്ങള്‍ ദുരിതജീവിതം നയിച്ച് മുന്നോട്ടുപോകുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം പകല്‍ക്കൊള്ള നടത്തുവാന്‍ ജനവിരുദ്ധ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും സുരേഷ് പറഞ്ഞു.
കോവിഡ്-19ന്‍റെ ആഘാതത്തില്‍ വഴിമുട്ടി നില്‍ക്കുന്ന കെ.എസ്.ആര്‍.റ്റി.സിയ്ക്ക് സര്‍ക്കാര്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്നും കരകയറ്റുന്നതിനുപകരം യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി അധാര്‍മ്മികമാണെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിډാറണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Post Your Comments