ശാസ്താംകോട്ട : വിമാനത്താവളങ്ങളിലും ബാങ്കിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ സംഘം പിടിയിൽ. മൈനാഗപ്പള്ളി സെന്‍വിഹാറില്‍ ഗിരീഷ്‌കുമാര്‍ (46), വിതുര കൗസല്യഭവനത്തില്‍ സുഭാഷ്ചന്ദ്രബോസ് (46), കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനം ബിനുകുമാര്‍ (42), തിരുവനന്തപുരം ബാലരാമപുരം ഊരൂട്ടമ്പലം പ്ലാവിള പുത്തന്‍വീട്ടില്‍ അഭിലാഷ് (31) തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം നികുഞ്ജത്തില്‍ മഞ്ജുളനായര്‍ (46) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്
ഒന്നാംപ്രതി സിനി നേരത്തേ അറസ്റ്റിലായിരുന്നു. 2016 നവംബര്‍ മുതല്‍ 2017 ജൂലായ് വരെയാണ് സംഘം പരാതിക്കാരില്‍നിന്നും ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഫെഡറല്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ ഒരു സ്ത്രീയില്‍നിന്നും മൈനാഗപ്പള്ളി സ്വദേശികളായ സ്ത്രീകളില്‍നിന്നും യഥാക്രമം 11.25 ലക്ഷവും പത്തു ലക്ഷവും ഇവര്‍ തട്ടിയെടുത്തു.
മൈനാഗപ്പള്ളി സ്വദേശിയില്‍നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷവും മണ്‍റോത്തുരുത്ത് സ്വദേശിയില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്ര എന്‍ജിനീയറിങ് കോളേജില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷവും ഈ സംഘം തട്ടിയെടുത്തു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായോ എന്ന വിവരം ശാസ്താംകോട്ട പോലീസ് അന്വേഷിച്ചുവരുന്നു.
Post Your Comments