കോവിഡ് 19 കാലത്തെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ച് യുഎഇ ഫത്വ ബോര്‍ഡ്. വൈറസ് ബാധിതരുടെ നോമ്പും അനുബന്ധ ആരാധനാനുഷ്ഠാനങ്ങളുമാണ് ഫത് വകളിലെ വിഷയം. കോവിഡ് ബാധിച്ച ആള്‍ക്ക് നോമ്പ് നോല്‍ക്കാനാകുന്നില്ലെങ്കില്‍ അതിനു പ്രായശ്ചിത്തമായുള്ള നിര്‍ബന്ധ ദാനം നല്‍കേണ്ടതില്ല. രോഗം സുഖപ്പെട്ട ശേഷം നഷ്ടമായ നോമ്പ് നോറ്റ് വീട്ടുകയാണു വേണ്ടത്.
നമസ്‌കാരം ചികിത്സ കാരണം സമയം തെറ്റിയാല്‍ പിന്നീട് നിര്‍വഹിച്ചാലും മതി. എന്നാല്‍ യാത്രക്കാര്‍ക്ക് മാത്രം പരിമിതമാക്കിയ സംയോജിപ്പിക്കലും ചുരുക്കലും ഗുണകരമല്ല. അംഗശുദ്ധി (വുദൂ) സാധ്യമല്ലെങ്കില്‍ സാധിക്കുന്ന വിധം നമസ്‌കാരം നിര്‍വഹിക്കാന്‍ മതത്തില്‍ അനുമതിയുണ്ട്. വേദനസംഹാരികള്‍ മൂലം ഉറക്കത്തിലായി സമയം തെറ്റിയാലും നമസ്‌കാരം പിന്നീട് നിര്‍വഹിച്ചാല്‍ മതിയെന്ന ഇളവും മതവിധിയിലൂടെ നല്‍കി.
കോവിഡ് രോഗിയാണെങ്കിലും ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഫിത്ര്‍ സക്കാത്ത് നല്‍കണം. ഈ ദാനം നോമ്പുമായി ബന്ധമില്ലാത്തതാണ്. മനുഷ്യര്‍ പെരുന്നാളില്‍ പട്ടിണി കിടക്കാതിരിക്കാനാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. വ്രതമെടുക്കാത്ത കോവിഡ് രോഗി ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിനാണ് ഫത്വ ബോര്‍ഡ് ഇപ്രകാരം മറുപടി നല്‍കിയത്. ദേഹത്തിനുള്ള നിര്‍ബന്ധ ദാനമായതിനാല്‍ വീട്ടിലുള്ളവര്‍ക്കും പെരുന്നാള്‍ ദാനം നല്‍കാനാണു നിര്‍ദേശം.
Post Your Comments