ദോഹ : ഖത്തറില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അധികൃതര്‍. സാമൂഹിക അകലം പാലിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് സാംക്രമിക രോഗപ്രതിരോധ വിഭാഗം മേധാവി ഡോ അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.
കൊവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തിയതാണ് രോഗസംഖ്യ ഉയരാന്‍ കാരണം. പൊതു ഇടങ്ങള്‍ക്ക് പുറമെ വീടുകളിലും കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഡോ അല്‍ഖാല്‍ നിര്‍ദ്ദേശിച്ചു. കൂടുതല്‍ കുടുംബങ്ങളില്‍ രോഗം ബാധിക്കാന്‍ കാരണം കുടുംബാംഗങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തത് ആണെന്നും പൊതുജനാരോഗ്യ മന്ത്രാലയം കൊവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്മാന് കൂടിയായ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റമദാന്, ഈദ് ദിവസങ്ങളില്‍ അത്യാവശ്യത്തിന് മാത്രമെ വീടിന് പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെറുപ്പക്കാരില്‍ കടുത്ത ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കൊവിഡിന്റെ സാമൂഹിക വ്യാപനത്തിന്റെ തോത് അറിയുവാന്‍ കമ്മ്യൂണിറ്റി പഠനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments