ജയ്പുര്‍ : രാജസ്ഥാനിലെ ആല്‍വാറില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. ഫൂല്‍ഭാഗ് സ്വദേശിയായ 16 വയസ്സുകാരിയെ മെയ് പത്താം തീയതിയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. അതേസമയം, ഗ്രാമത്തിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മെയ് 10-ന് അമ്മാവന്റെ വീട്ടില്‍ പോയി മടങ്ങിവരുമ്പോളാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. ഗ്രാമത്തിലൂടെ വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മൂന്നു പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും ഒരു കെട്ടിടത്തിനകത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ തല ചുമരിലിടിപ്പിച്ചതോടെ താന്‍ അബോധാവസ്ഥയിലായെന്നും പിന്നീട് ബോധം വന്നപ്പോള്‍ ക്ലിനിക്കിലാണെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവദിവസം ഉച്ചയോടെ വീട്ടില്‍നിന്ന് പോയ പെണ്‍കുട്ടി രാത്രിയായിട്ടും തിരിച്ചുവന്നില്ലെന്ന് ബന്ധുക്കളും പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചതായി വീട്ടുകാര്‍ക്ക് ഫോണ്‍സന്ദേശം ലഭിച്ചത്. പ്രതികളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യംചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments