മലപ്പുറം : കാളികാവിൽ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ നിന്ന് ആനപ്പല്ല് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ചോക്കാട് കല്ലാമൂലയിലെ അസ്‌കര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇയാളെ വനംവകുപ്പിന് കൈമാറിയതായി കാളികാവ് എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു. കേസ് വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ്.
കോഴിപ്ര മലവാരത്തിന് താഴെയുള്ള വള്ളിപ്പൂ പുഴയില്‍നിന്നാണ് ആനപ്പല്ല് ലഭിച്ചതെന്നാണ് അസ്‌കര്‍ അലി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ‘പുഴയില്‍നിന്ന് ലഭിച്ച വസ്തു എന്താണെന്ന് അറിയില്ലായിരുന്നു. ഫോണില്‍ ചിത്രമെടുത്ത് പലരേയും കാണിച്ചതിന് ശേഷമാണ് ആനപ്പല്ലാണെന്ന് ബോധ്യപ്പെട്ടത്. വീട്ടില്‍ കൊണ്ടുപോയി കുട്ടികളെ ഒന്ന് കാണിക്കാമല്ലോ എന്ന് കരുതി വണ്ടിയില്‍ വെച്ചതാണ്. വസ്തുവിന്റെ വിലയോ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയോ ഉണ്ടായിരുന്നില്ല’ – അസ്‌കര്‍ അലി പറഞ്ഞു.
എന്നാൽ ആനയുടെ പല്ല് കൈവശം വെച്ചതിന് ഇയാൾക്കെതിരെ വന്യജീവി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതായി അധികൃതർ അറിയിച്ചു .
Post Your Comments