റമദാൻ നിയ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മനസ്സില്‍ ഉറപ്പിച്ചു കരുതലാണ് നിയ്യത്ത്. നാവു കൊണ്ട് ഉച്ചരിച്ചാല്‍ മാത്രം മതിയാവുകയില്ല. മനസ്സില്‍ കരുതല്‍ നിര്‍ബന്ധവും നാവുകൊണ്ട് ഉച്ചരിക്കല്‍ സുന്നത്തുമാണ്.

2. ഫര്‍ളു നോമ്പിനു രാത്രി തന്നെ നിയ്യത്തു ചെയ്യല്‍ നിര്‍ബന്ധമാണ്. മഗ്‌രിബു മുതല്‍ സ്വുബ്ഹി വരെയുള്ള സമയമാണ് രാത്രി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ”നോമ്പനുഷ്ഠിക്കാന്‍ രാത്രിയില്‍ നിയ്യത്തു ചെയ്യാത്തവന് നോമ്പില്ല”(നസാഈ), ”പ്രഭാതത്തിനു മുമ്പു നിയ്യത്തു ചെയ്യാത്തവനു നോമ്പില്ല.” (അഹ്മദ്, ബൈഹഖീ) തുടങ്ങിയ ഹദീസുകളാണ് തെളിവ്. രാത്രി നിയ്യത്തു ചെയ്ത ശേഷം ഭക്ഷണം കഴിക്കുക, സ്ത്രീ പുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഉണ്ടാവുന്നതിനോ, ഉറങ്ങുന്നതിനോ വിരോധമില്ല. വീണ്ടും നിയ്യത്തു ചെയ്യേണ്ടതുമില്ല. എന്നാല്‍ ഒരാള്‍ നിയ്യത്തു ചെയ്ത ശേഷം പിറ്റേന്നു നോമ്പു നോല്‍ക്കുന്നില്ല എന്നു തീരുമാനിച്ചു എന്നു വെക്കുക. അതു നോമ്പിന്റെ നിയ്യത്തിനെ നിഷ്ഫലമാക്കും. അതുകാരണം പിറ്റേന്നു നോമ്പു നോല്‍ക്കണമെന്നുണ്ടെങ്കില്‍ നിയ്യത്തു പുതുക്കണം.

3. സുന്നത്തു നോമ്പാണെങ്കില്‍ രാത്രി തന്നെ നിയ്യത്തു ചെയ്യണമെന്നു നിര്‍ബന്ധമില്ല. നോമ്പിനെ മുറിക്കുന്ന കാര്യങ്ങള്‍ പകല്‍ സമയത്ത് ഉണ്ടായിട്ടില്ലെങ്കില്‍ ഉച്ചക്കു മുമ്പ് നിയ്യത്തു ചെയ്താല്‍ മതിയാവും. ആയിശാ(റ) പറയുന്നു: ”ഒരിക്കല്‍ നബി(സ) എന്റെ അടുക്കല്‍ വന്നു ചോദിച്ചു: നിങ്ങളുടെ അടുത്ത് (ഭക്ഷിക്കാന്‍ പറ്റുന്ന) വല്ലതുമുണ്ടോ? ഇല്ലെന്നു പറഞ്ഞപ്പോള്‍ ‘എന്നാല്‍ ഞാന്‍ നോമ്പനുഷ്ഠിക്കുകയാണെ’ന്ന് നബിപറഞ്ഞു.

4. ഓരോ നോമ്പിനും വെവ്വേറെ നിയ്യത്തു ചെയ്യണം. ഇന്ന നോമ്പാണ് അനുഷ്ഠിക്കുന്നതെന്ന് (ഉദാ: റമളാന്‍) നിയ്യത്തില്‍ നിര്‍ണ്ണയിക്കല്‍ നിര്‍ബന്ധമാണ്. ”ഓരോരുത്തര്‍ക്കും അവനവന്‍ കരുതിയതു മാത്രമേ ലഭിക്കൂ.” എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ റമളാന്‍, കഫാറത്ത്, ഖളാആയ നോമ്പ് തുടങ്ങിയ ഫര്‍ളായ നോമ്പുകളൊക്കെ ഈ നിര്‍ണയം കൂടാതെ സാധുവാകയില്ലെന്ന് ഇമാം ശാഫിഈ(റ)ഉം അനുചരന്‍മാരും പറഞ്ഞിട്ടുണ്ട്.

5. ഒരാള്‍ റമളാനിന്റെ രാത്രി നിയ്യത്തു ചെയ്യാന്‍ മറന്നാല്‍ അവന്റെ നോമ്പ് ശരിയാകയില്ല. എന്നാല്‍ സൂര്യനസ്തമിക്കുന്നതു വരെ നോമ്പുകാരനെപ്പോലെ അന്നപാനീയങ്ങള്‍ അവന്‍ വര്‍ജ്ജിക്കണം. ‘ഇംസാക്’ എന്നാണതിന്റെ പേര്.

Share
Leave a Comment