തിരുവല്ല; പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും, മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പാലിയേക്കര ബസേലിയന്‍ മഠത്തില്‍ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു മരിച്ച ദിവ്യ പി ജോൺ.
ഇക്കഴിഞ്ഞ മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും, ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തില്‍പ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി, വെള്ളം ശേഖരിക്കുന്നതിനായി കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച് കോരുന്നതും പതിവായിരുന്നു.
Post Your Comments