Latest NewsKeralaNewsIndia

ഏഴു ദിവസം നിരീക്ഷണം; കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ നിശ്ചയിച്ച ഏഴു ദിവസത്തെ ക്വാറൻ്റീൻ കാലാവധിയിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴു ദിവസം മാത്രം നിരക്ഷിക്കാൻ ആയിരുന്നു കേരള സർക്കാരിന്റെ തീരുമാനം.

ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയില്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

വിദേശത്ത് നിന്ന് വരുന്നവരുടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഏഴു ദിവസം ആക്കുന്നതിൽ അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡം എന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സർ‍ക്കാർ മറുപടി നൽകി. കേരളത്തിന്‍റെ ആവശ്യം വിദഗ്ധ സമിതി അംഗീകരിച്ചില്ലെങ്കിൽ 14 ദിവസത്തെ സർക്കാർ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ; രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ

സാബു സ്റ്റീഫൻ എന്ന സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഓരോ സംസ്ഥാനങ്ങളും അവർക്ക് ആവശ്യമുള്ള രീതിയിൽ മാനദണ്ഡങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടാൽ പ്രതിരോധത്തിന്റെ താളം തെറ്റും എന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.വീട്ടിൽ പോയാലും ഇവർ ക്വാറന്റീനിൽ തുടരുമെന്നും ഇവർ ക്വാറന്റീനിൽ തുടരുമെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button