ന്യൂഡല്‍ഹി: ലഡാക് അതിര്‍ത്തിയിൽ പ്രകോപനവുമായി വീണ്ടും ചൈന ഹെലികോപ്റ്ററുകള്‍ എത്തിയതായി റിപ്പോർട്ട്. ലഡാക്കിന്റെ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് ലഭിക്കുന്ന വിവരം. വടക്കന്‍ സിക്കിം അതിര്‍ത്തി മേഖലകളില്‍ ചൈനയുടെ കരസേന നടത്തിയ ആക്രമത്തെ തുടര്‍ന്ന് ഇരുവിഭാഗത്തും പരിക്കുപറ്റിയതിന് പിന്നാലെയാണ് ചൈനയുടെ വ്യോമ നിരീക്ഷണം ശക്തമായിരിക്കുന്നത്.
നിലവില്‍ ലഡാക്കിലെ നിയന്ത്രണരേഖയക്കടുത്ത് ഹെലികോപ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇന്ത്യന്‍ വ്യോമസേന ലഡാക്കിലേക്ക് തിരിച്ചിട്ടുള്ളത്. എല്ലാ ആക്രമണ സന്നാഹത്തോടെയുമുള്ള ഹെലികോപ്റ്ററുകളാണ് ചൈനയുടെ ഭാഗത്തുനിന്നും ലഡാക്കില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വളരെ താഴ്ന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതായതിനാല്‍ വിമാനവേധ തോക്കുകളടക്കം സജ്ജമാക്കി ഇന്ത്യന്‍ കരസേനയും ലഡാക്കിലെ അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്.
നിലവില്‍ ലഡാക്കിലും ലേയിലും ഇന്ത്യന്‍ വ്യോമസേനയുടെ സ്ഥിരം കേന്ദ്രങ്ങളില്ലാത്തതിനാല്‍ നിശ്ചിത ഇടവേളകളില്‍ ആകാശ നിരീക്ഷണമാണ് നടക്കുന്നതെന്നും വ്യോമസേന അറിയിച്ചു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കൂടുതല്‍ സാന്നിധ്യം സിക്കിം മേഖലകളില്‍ സമീപകാലത്തായി വര്‍ധിച്ചിട്ടുണ്ട്.
ഹന്ദ്വാരാ ആക്രമത്തിന് ശേഷമാണ് പാകിസ്താന്റെ പ്രകോപനം വര്‍ധിച്ചിരിക്കുന്നതെന്നും കരസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണ രേഖ ചൈന ഇതുവരെ ലംഘിച്ചതായി റിപ്പോര്‍ട്ടില്ല. എന്നാലും ജാഗ്രതയുടെ ഭാഗമായി സുഖോയ് വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. ഇതിനിടെ പാക്‌സ്താനും അതിര്‍ത്തി മേഖലകളില്‍ എഫ്-16 വിമാനങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിച്ചതായും സൈന്യം മുന്നറിയിപ്പ് നല്‍കി.
Post Your Comments