മോസ്കോ : റഷ്യയില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പതിനായിരത്തിലേറെ പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,656 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,21,344 ആയി. ഒരു ദിവസത്തിനിടെ 94 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 2,009 ആവുകയും ചെയ്തു.
ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. തലസ്ഥാനമായ മോസ്കോയാണ് റഷ്യയുടെ കോവിഡ് ആസ്ഥാനവും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,169 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ മോസ്കോയില്‍ മാത്രം കോവിഡ് രോഗികള്‍ 1,15,909 ആയിട്ടുണ്ട്.
അതേസമയം റഷ്യയേക്കാള്‍ കുറവ് കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ മരണസംഖ്യ വളരെ കൂടുതലാണ്. 2.19 ലക്ഷത്തിലേറെ കോവിഡ് രോഗികളുള്ള ബ്രിട്ടനില്‍ 31000ത്തിലേറെ പേരും 2.19 ലക്ഷത്തിലേറെ രോഗികളുള്ള ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേരുമാണ് മരിച്ചത്. 67,000ത്തിലേറെ പേരില്‍ മാത്രം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇന്ത്യയില്‍ പോലും 2200ലേറെ പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.
എന്നാൽ തങ്ങള്‍ വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തുന്നതുകൊണ്ടാണ് രോഗം തിരിച്ചറിയുന്നതെന്നാണ് റഷ്യന്‍ അധികൃതരുടെ വാദം. ഇതുവരെ 56 ലക്ഷം കോവിഡ് പരിശോധനകള്‍ നടന്നിട്ടുണ്ടെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
Post Your Comments