മലയാളികള്‍ ഏറ്റെടുത്ത ‘ആര്യ’യുടെ നിര്‍മ്മാതാവ്
ഹൈദരാബാദ് • പ്രശസ്ത തെലുഗു ചലച്ചിത്ര നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി. നാട്ടുകാരിയും മുന്‍ എയര്‍ഹോസ്റ്റസുമായ തേജസ്വിനിയാണ് വധു. ഞായറാഴ്ച രാത്രി നിസാമബാദിലെ നർസിംഗ്പള്ളിയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
ദിൽ രാജുവിന്റെ വിവാഹവാര്‍ത്തകള്‍ കുറച്ചു കാലമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തുടക്കത്തിൽ ഈ അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. 49 കാരനായ നിര്‍മ്മാതാവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ അനിത അസുഖത്തെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അന്തരിച്ചു. അമ്മ മരിച്ചതിന് ശേഷം പിതാവ് ഏകാന്തതയിലാണ് ജീവിക്കുന്നതെന്ന് തോന്നിയതിനാല്‍ മകള്‍ തന്നെയാണ് ദില്‍ രാജുവിനെ വീണ്ടുമൊരു വിവാഹത്തിന് പ്രേരിപ്പിച്ചത്.
ദിൽ രാജുവിന്റെ മകൾ ഹൻഷിത റെഡ്ഡിയും ഭർത്താവും കുട്ടികളും ചേര്‍ന്നാണ് വിവാഹചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവർക്ക് നന്നായി അറിയാവുന്ന ഒരാളെ അച്ഛൻ വിവാഹം കഴിച്ചതിനാൽ അവര്‍ സന്തുഷ്ടരാണ്.
വധുവിന്റെ പേര് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെങ്കിലും യഥാർത്ഥ പേര് തേജസ്വിനി എന്നാണെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടു. പക്ഷെ, വിവാഹത്തിന് ശേഷം തേജസ്വിനിയുടെ പേര് വൈഗ റെഡ്ഡി എന്നാക്കി മാറ്റി. ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരമാണ് പേര് മാറ്റമെന്നും പറയപ്പെടുന്നു.
‘അല്ലു അര്‍ജുന്‍’ നായകനായി 2004 പുറത്തിറങ്ങിയ, മലയാളികള്‍ ഏറ്റെടുത്ത ‘ആര്യ’ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ദില്‍ രാജു. 2003 ല്‍ പുറത്തിറങ്ങിയ ‘ദില്‍’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന വി. വെങ്കട രമണ റെഡ്ഡി എന്ന ദില്‍ രാജു, ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ 40 ലേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ, അനുപമ പരമേശ്വരന്‍ ശര്‍വാനന്ദ് എന്നിവര്‍ നായികാനായകന്മാരായ ‘ശതമാനം ഭവതി’യിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ദില്‍ രാജുവിനെ തേടിയെത്തിയിരുന്നു.
Post Your Comments