അബുദാബി : കോവിഡിനിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം. കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയ അധികൃതര്‍ നിര്‍ദേശം നല്‍കി.. കോവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമപ്രകാരമുള്ള മെഡിക്കല്‍ ലീവാണ് നല്‍കേണ്ടത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിയുന്നവരെ ജോലിയില്‍ നിന്നും നീക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതികളോ തന്ത്രപൂര്‍വമായ നീക്കങ്ങളോ നടത്തി സേവനം അവസാനിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി.
സ്വദേശികളും വിദേശികളുമായ കോവിഡ് ബാധിതര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പരിചരണവും നല്‍കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഉചിതമായ രീതിയല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സാ കാല അവധി നല്‍കുകയാണ് ചെയ്യേണ്ടത്. വര്‍ഷത്തില്‍ തുടര്‍ച്ചയായോ തവണകളായോ 90 ദിവസം വരെ മെഡിക്കല്‍ ലീവിനു ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്ന കാര്യവും അധികൃതര്‍ ചൂണ്ടിക്കാട്ടി.
Post Your Comments