Latest NewsFestivals

പുണ്യങ്ങളുടെ പൂക്കാലവുമായി റമദാന്‍

വീണ്ടുമൊരു റമദാന്‍ കാലം. പുണ്യങ്ങളുടെ പൂക്കാലവുമായി റമദാന്‍ കടന്നെത്തിയിരിക്കുന്നു. വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യസുദിനങ്ങളാണ് റമദാനായി ആഘോഷിക്കുന്നത്. ചെയ്തുപോയ പാപങ്ങൾ കാരുണ്യവാനായ പ്രപഞ്ച നാഥന്റെ മുന്നിൽ ഏറ്റുപറഞ്ഞ് നല്ലവരായി ജീവിക്കാൻ മനുഷ്യരെ സജ്‌ജമാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം. അതുകൊണ്ട് തന്നെ റമദാനിലെ ഉപവാസത്തിനു വലിയ പ്രാധാന്യമുണ്ട് .

കേവലം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുള്ള പട്ടിണിയല്ല ഈ ഉപവാസം. നോമ്പു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് തെറ്റുകളില്‍ നിന്നും പൂര്‍ണ്ണമായ വിടുതിയില്‍ തന്റെ ശരീരവും മനസ്സും ശുദ്ധമായിരിക്കണം. അതായത് നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളിൽ നിന്നും ഏഷണി, പരദൂഷണം എന്നിവയിൽ നിന്നും നോമ്പുകാർ വിട്ടുനിൽക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിന് തുല്യമാണ് പരദൂഷണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ദുഷ് ചിന്തകള്‍ ഉപേക്ഷിച്ച് സത്പ്രവര്‍ത്തികള്‍ മാത്രം ചിന്തിച്ചു പുണ്യ കര്‍മ്മങ്ങളുടെ ഭാഗമായി മാറി ഇതുവരെയുള്ള തെറ്റുകള്‍ ക്ഷമിച്ചുകൊണ്ട് പുതു ജീവിതത്തിനായുള്ള തുടക്കമാണ് ഈ റമദാന്‍ ദിനങ്ങള്‍. അതുകൊണ്ട് തന്നെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വീടുകളില്‍ സുലഭമായിരിക്കുമ്പോഴും അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും പ്രഭാതം മുതൽ പ്രദോഷം വരെ ഉപേക്ഷിച്ച് വിശപ്പും ദാഹവും വിശ്വാസി സ്വയം നിയന്ത്രിക്കുന്നു.

എത്ര വലിയ സമ്പന്നനാണെങ്കിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ രുചി ഈ നോമ്പിലൂടെ അറിയുന്നു. ഇത് അവനു തിരിച്ചറിവിന് ഇടയാക്കുന്നു. അതിനൊപ്പം പ്രധാനമാണ് സക്കാത്ത്. അല്ലാഹു മനുഷ്യന് കനിഞ്ഞുനൽകിയ സമ്പത്തിൽ മറ്റു സഹോദരൻമാർക്കും അവകാശമുണ്ട്. അത് കൊടുത്തുവീട്ടാനാണ് സകാത്ത് നിർബന്ധമാക്കിയത്. സ്വന്തം സമ്പത്തിൽ നിന്നും കുറച്ചു പാവപ്പെട്ടവന് നൽകാൻ എല്ലാവരും തയ്യാറായാൽ സമൂഹത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനാവും. ഇല്ലാത്തവനെ സഹായിക്കാനും കാരുണ്യപ്രവർത്തനങ്ങൾക്ക് മനുഷ്യനെ പ്രേരിപ്പിക്കാനും ഐക്യവും സഹവർത്തിത്വവും സ്നേഹവും ഊട്ടിയുറപ്പിക്കാനും ഈ റമദാന്‍ വ്രതാനുഷ്ഠാനം സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button