ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡ്-19 വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്.
സംസ്‌ഥാനത്തു കോവിഡ് വ്യാപിക്കാന്‍ കാരണമായതു യു.എസ്. പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച “നമസ്‌തെ ട്രംപ്” പരിപാടിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാൽ ഇത് വസ്തുതാ വിരുദ്ധമായ വെറും ആരോപണം മാത്രമാണെന്ന് ബിജെപി തിരിച്ചടിച്ചു ഫെബ്രുവരി 24 നായിരുന്നു ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചു “നമസ്‌തെ ട്രംപ്” നടത്തിയത്. പരിപാടി നടന്ന അഹമ്മദാബാദിലാണ് സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി കണക്കാക്കുന്നതിനു മുമ്പാണ് “നമസ്‌തെ ട്രംപ്” നടന്നതെന്നും പരിപാടി കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സംസ്‌ഥാനത്ത് ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതെന്നും ബി.ജെ.പി. ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത് മാര്‍ച്ച് 20 നാണ്. ഇതുവരെ ഗുജറാത്തില്‍ 6245 കോവിഡ് ബാധിതരാണുള്ളത്.
Post Your Comments