ന്യൂഡൽഹി : ഡൽഹിയിൽ മദ്യ വിൽപ്പന ശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ ഓൺലൈൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നതോടെ വലിയ തിരക്കാണ് ഡൽഹി മദ്യശാലകൾക്ക് മുന്നിൽ അനുഭവപ്പെട്ടത്.
ഇ ടോക്കണിനായി ആദ്യം www.qtoken.in എന്ന വെബ്‌സൈറ്റിൽ പേരും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യണം. ഇതോടെ മൊബൈൽ നമ്പറിലേക്ക് ടോക്കൺ സന്ദേശമായി ലഭിക്കും. ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി മദ്യം വാങ്ങാവുന്നതാണ്. ടോക്കൺ മുഖേന തിരക്ക് കുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പഞ്ചാബ്, ഛത്തീസ്ഗഢ്, ബംഗാൾ എന്നിവിടങ്ങളിൽ ഈ രീതി നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്.
തിങ്കളാഴ്ചയാണ് മദ്യശാലകൾ ഡൽഹിയിൽ വീണ്ടും തുറന്നത്. സാമൂഹിക അകലമോ മറ്റ് സർക്കാർ നിർദേശങ്ങളോ പാലിക്കാതെയാണ് ഭൂരിഭാഗംപേരും മദ്യം വാങ്ങാനായി ഇടിച്ച് കയറിയത്. അതിനാൽ പല സ്ഥലങ്ങളിലും പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. കൂടാതെ ചില സ്ഥലങ്ങളിൽ കടകൾ അടപ്പിച്ചു. ആളുകളെ നിയന്ത്രിക്കാനായി ഗാസിപുർ, ഗോവിന്ദ്പുരി, ഉത്തംനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മാർഷൽമാരും പൊലീസും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
Post Your Comments