കണ്ണൂര്‍: രാമന്തളിയില്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്. കരാറുകാരനടക്കം 14 പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. അതേസമയം ലോക്ക്ഡൗണിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തുടരേണ്ടി വന്ന 1138 മധ്യപ്രദേശ് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രി എട്ട് മണിക്കാണ് ഭോപ്പാലിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്.
കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലെ വിവിധ ക്യാംപുകളിലുള്ള 331 പേരാണ് സംഘത്തിലുള്ളത്. 15 കെ.എസ്. ആര്‍.ടി.സി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. മലപ്പുറം ജില്ലയില്‍ നിന്ന് 358 തൊഴിലാളികള്‍ 11 ബസുകളിലായാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഏറനാട്, കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. പകുതി പേരും ഏറനാട് താലൂക്കില്‍ നിന്നുള്ള തൊഴിലാളികളാണ്.
15 ബസുകളിലായി 449 അതിഥി തൊഴിലാളികളെയാണ് കണ്ണൂരില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ഒരു ബസില്‍ പരമാവധി 30 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരുടേയും വൈദ്യപരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണപ്പൊതികളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3785 അതിഥി തൊഴിലാളികളും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 807 തൊഴിലാളികളും കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങി. ഝാര്‍ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് ഇതുവരെ മടങ്ങിയത്.
Post Your Comments