ബർലിൻ: കോവിഡ് കാലത്ത് വിദ്യാർത്ഥിക്ക് ഭാഗ്യ ദേവത അനുഗ്രഹിച്ച് നൽകിയത് 90 മില്യൻ യൂറോ (ഏകദേശം എഴുന്നൂറ് കോടി) ആണ്. ഈ തുകയുടെ അവകാശിയായത് ജർമനിയിലെ ഒരു ഇരുപത്തിയഞ്ചുകാരൻ വിദ്യാർത്ഥിയാണ്.
ജര്‍മ്മനിയുടെ തെക്കന്‍ സംസ്ഥാനമായ ബയേണിലെ മ്യൂണിക് സ്വദേശിയാണ് ഈ ഭാഗ്യവാനെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 6,11,12,21, 41, എന്നീ നമ്പരുകളോടൊപ്പം 1,2 എന്നീ സൂപ്പര്‍ നമ്പര്‍ ചേര്‍ന്നതുകൊണ്ടാണ് ഇത്രയും ഭീമമായ തുക ലഭിക്കാന്‍ കാരണമായത്. സുരക്ഷാ കാരണങ്ങളാൽ ഭാഗ്യവാന്റെ പേരും മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഈ തുക ലഭിക്കുന്നതിനായി വിദ്യാർത്ഥി 16 യൂറോയാണ് മുടക്കിയതെന്നും കളി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് ഇയാള്‍ ലോട്ടറി കളിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. ജര്‍മ്മനിയില്‍ കോവിഡ് വൈറസ് വ്യാപകമായി പടര്‍ന്നതോടെ യൂണിവേഴ്‌സിറ്റിയും ക്ലാസുകളും ഇല്ലായിരുന്നു. ഹോട്ടലിൽ ഉണ്ടായിരുന്ന പാര്‍ട്ട് ടൈം ജോലിയും മുടങ്ങിയിരുന്നു.
ഇതോടെയാണ് എന്തും വരട്ടെ എന്ന് കരുതി മിച്ചം വന്ന തുക കൊണ്ട് ഇരുപത്തി അഞ്ചുകാരൻ ലോട്ടറി കളിച്ചത്. എന്നാല്‍ ഇത്രയും വലിയ ഭാഗ്യം തന്നെ തേടിവരുമെന്ന് യുവാവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. ലോട്ടറി ഫലം വന്നതിന് പിന്നാലെ യുവാവ് ടിക്കറ്റ് ജാക്പോട്ട് അധികൃതർക്ക് കൈമാറി.
എത്രയും പെട്ടെന്ന് യുവാവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും തുക തന്റെ അക്കൗണ്ടിലേക്ക് വന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് വിദ്യാർത്ഥി ലോട്ടറി അധികൃതരോട് പറഞ്ഞു. പിന്നാലെ പ്രത്യേകം ഉപദേശകരെ ലോട്ടറി കമ്പനി തന്നെ യുവാവിന് ഏര്‍പ്പാടാക്കി നല്‍കിയെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments