തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ അഞ്ചു കോടി രൂപ സര്‍ക്കാര്‍ മടക്കി നല്‍കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ക്ഷേത്ര സ്വത്ത് വകമാറ്റി ചെലവഴിക്കാനാകില്ല. ഗുരുവായൂര്‍ ദേവസ്വം കമ്മിറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമെന്ന് കുമ്മനം വ്യക്തമാക്കി.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകൊണ്ട് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് കുമ്മനം തള്ളി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഗുരുവായൂര്‍ ക്ഷേത്രം ഹിന്ദു ജനതയുടെ ആദ്ധ്യാത്മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്പത്തിന്റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവൂവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വാസപൂര്‍വ്വം വഴിപാടായും കാണിക്കയായും സമര്‍പ്പിക്കുന്ന പണത്തില്‍ ഭക്ത ജനങ്ങളുടെ വികാര വിശ്വാസ സങ്കല്പങ്ങളുണ്ട്. അത് ദേവസ്വം ഭരണാധികാരികള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് ഏത് കാര്യങ്ങള്‍ക്കു വേണ്ടിയും ചെലവഴിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ വിശ്വാസപൂര്‍വ്വം സമര്‍പ്പിച്ച പണത്തിന്റെ പലിശയായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാമെന്ന ന്യായീകരണം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദേവസ്വം ഫണ്ടിന്റെ പലിശ, കെട്ടിട വാടക, നേരിട്ട് കിട്ടുന്നതും അല്ലാതുള്ളതുമായ വരുമാനങ്ങള്‍, വിറ്റു കിട്ടുന്ന തുക തുടങ്ങിയവയെല്ലാം ക്ഷേത്ര വരുമാനമാണ്, ക്ഷേത്ര സ്വത്താണ്. അത് ക്ഷേത്രാവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു കാര്യത്തിനും വകമാറ്റി ചെലവഴിക്കാന്‍ പാടില്ല.
കൊറോണ് ദുരിതാശ്വാസത്തോട് ഒരെതിര്‍പ്പുമില്ല. ആ ആവശ്യം നിറവേറ്റാന്‍ ഭക്തജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് സാധിക്കും. മറിച്ച് ഭക്തജനങ്ങള്‍ ഭഗവാന് വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാന്‍ ദേവസ്വം അധികൃതര്‍ക്ക് അവകാശമില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദുരിതാശ്വാസത്തിന് പ്രത്യേകമായി സംഭരിച്ച തുകയില്‍ നിന്നാണ് ഒരു കോടി രൂപ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുവായൂര്‍ ക്ഷേത്ര സ്വത്തും വരുമാനവും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് 2003 ല്‍ സുപ്രീം കോടതിയും 2008 ല്‍ ഹൈക്കോടതിയും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കോടതി വിധികളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മാനേജിങ് കമ്മറ്റി 5 കോടി രൂപ കേരള സര്‍ക്കാരിന് നല്‍കിയത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ ഭക്ത ജനങ്ങള്‍ രംഗത്തു വരണം. 5 കൊടി രൂപ ക്ഷേത്രത്തിന് സര്‍ക്കാര്‍ മടക്കികൊടുക്കുകയോ അല്ലാത്തപക്ഷം മാനേജിങ് കമ്മറ്റി അംഗങ്ങള്‍ ക്ഷേത്രത്തിന് നഷ്ടം വന്ന തുക തിരിച്ചടക്കുകയോ ചെയ്യണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു.
Post Your Comments