ഭുവനേശ്വര്‍: കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. സൂറത്തില്‍ നിന്ന് ഒഡിഷയിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വാഹനാപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ വശത്ത് ഇരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം 65ഓളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 30നാണ് ബസ് സൂറത്തില്‍നിന്ന് പുറപ്പെട്ടത്.
വളരെ അപകടസാധ്യതയുള്ള പാതയില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവും വഴിയെക്കുറിച്ചുള്ള ധാരണയില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ബസ് കൊക്കയിലേക്ക് വീഴാതിരുന്നത് ഭാഗ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ബാരിക്കേഡില്‍ ഇടിച്ച ബസ്, സംരക്ഷണ ഭിത്തിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. സൂറത്തില്‍നിന്ന് ഗഞ്ചമിലേക്ക് പുറപ്പെട്ട മറ്റൊരു ബസില്‍ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments