കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച അധ്യാപികയുടെ മരണത്തിൽ തേങ്ങലടക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും. പത്തനംതിട്ട കോഴഞ്ചരി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു(46) ആണ് കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചത്. അബുദാബി ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിൻസി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയിൽ സംസ്കരിച്ചു.
യുഎഇ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാൻ പാടില്ല. അതുകൊണ്ട് തന്നെ പ്രിൻസിയുടെ ഭർത്താവ് റോയ് മാത്യു, മക്കൾ സെറിൾ സാറ മാത്യു, റയാൻ സാമുവൽ മാത്യു, സിയാൻ ജേക്കബ് മാത്യു എന്നിവർക്കും അവസാനമായി തങ്ങളുടെ അമ്മയെ കാണാൻ ഭാഗ്യമുണ്ടായില്ല.
സ്നേഹമയിയായ അമ്മയ്ക്ക് അന്ത്യ ചുംബനം നൽകാനാകാതെയും തന്റെ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെയും സംസ്കരിക്കാനായി മോർച്ചറിയിൽ നിന്ന് ആംബുലൻസിൽ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാൻ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും വിധി. ഇതോടെ ഇവരെയെല്ലാം എങ്ങനെ സാന്ത്വനിപ്പിക്കണമെന്നറിയാതെ കരളലയിപ്പിക്കുന്ന രംഗങ്ങൾക്കാണ് അബുദാബി സാക്ഷിയായത്
പ്രിൻസിയുടെ നിര്യാണത്തിൽ നിരവധി സംഘടനകളും സഹപ്രവർത്തകരും അനുശോചിച്ചു.
Post Your Comments