![](/wp-content/uploads/2020/04/Kallar-Dam.jpg)
നെടുങ്കണ്ടം: യാതൊരു മുന്നറിയിപ്പും കൂടാതെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡബിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇടുക്കിയിൽ കല്ലാര്‍ ഡാം തുറന്നു വിട്ടു. ആള്‍ തിരക്കില്ലാത്ത സമയം നോക്കി ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ മീന്‍ പിടിക്കാനാണ് ഡാം തുറന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ സംഭവം അറിഞ്ഞു മീന്‍ പിടിക്കാന്‍ നിരവധി ആളുകളാണ് തടിച്ചു കൂടിയത്.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഇത് വലിയ ആശങ്ക ഉയര്‍ത്തി.സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രതികരിച്ചു. വേനലിനെ തുടര്‍ന്ന് വെള്ളം കുറവായതിനാല്‍ കോവിഡ് കാലത്ത് പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ മറ്റൊരു ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്‌ച രാവിലെ പത്തിനായിരുന്നു സംഭവം.
ഡാമുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. കുത്തിയൊലിച്ച ജലം കിലോമീറ്ററുകള്‍ അകലെ ചിന്നാറുവരെ എത്തി. അറ്റകുറ്റപ്പണി നടത്തുന്നതിനായി കലക്‌ടര്‍ നല്‍കിയ അനുമതിയുടെ മറവിലാണ് മുന്നറിയിപ്പുകളില്ലാതെ ഡാം തുറന്നത്.
ഈ വിവരം തഹസില്‍ദാരെയോ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്‌ഥരെയോ, പഞ്ചായത്ത് സെക്രട്ടറിയെയോ പോലീസ്, ഫയര്‍ഫോഴ്‌സ്, വില്ലേജ് ഓഫീസ് അധികൃതരെയോ അറിയിച്ചിരുന്നില്ല. മാധ്യമങ്ങള്‍ വഴിയോ അനൗണ്‍സ്‌മെന്റ് വഴിയോ അറിയിച്ചിരുന്നില്ല. അതേസമയം, ഡാം തുറന്നതറിഞ്ഞ് നിരവധി നാട്ടുകാരും മീന്‍ പിടിക്കുവാനായി ഡാമിലിറങ്ങി.
ഡാം തുറന്ന വിവരം അറിഞ്ഞെത്തിയ പോലീസിനെക്കണ്ട് മീൻ പിടിക്കാനെത്തിയ നാട്ടുകാർ ചിതറിയോടി. വാഹനങ്ങളിലെത്തിയവര്‍ക്ക് വാഹനം ഉപേക്ഷിച്ച് രക്ഷപെടാനാവാതെ വന്നതോടെ പിടിയിലായി. വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ശക്‌തമായി നിലനില്‍ക്കുന്ന മേഖലയില്‍ ആളുകള്‍ കൂട്ടം കൂടുവാന്‍ കാരണമായ സംഭവത്തില്‍ ഗുരുതരമായ വീഴ്‌ചയാണ് കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഈ അനാസ്‌ഥ കാട്ടി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍ പറഞ്ഞു. സംഭവത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments