കോട്ടയം: കോട്ടയം ജില്ലയ്ക്ക് ഇന്ന് നിർണായക ദിവസം. സമൂഹ വ്യാപന ഭീതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ പറയുമ്പോൾ ജില്ലയിൽ ഇന്ന് പുറത്തു വരുന്നത് 395 പേരുടെ കോവിഡ് ഫലങ്ങളാണ്.
അതേസമയം, കോവിഡ് റെഡ്സോണായ കോട്ടയത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായി.
എങ്കിലും ഒരാഴ്ചകൊണ്ട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത് ആശങ്കപ്പെടുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന 14 ഇടങ്ങളിലും പരിശോധന കർശനമാക്കി. ഇടവഴികളിലും നിരീക്ഷണമേര്‍പ്പെടുത്തി. രോഗികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന കണ്ടെയ്ൻമെന്റ് മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തി.
കോട്ടയത്ത് 1040 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രത്യേക കൊവിഡ് കെയർ സെന്ററുകളിൽ 18 പേരും നിരീക്ഷണത്തിലാണ്. ജില്ലയിൽ വാഹന ഗതാഗതത്തിനും വിലക്കുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും.
ഇതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിൽ എട്ട് പഞ്ചായത്തുകളും ചങ്ങനാശേരി നഗരസഭയും തീവ്രബാധിത മേഖലയാണ്. സാമൂഹ്യ വ്യാപന സാധ്യയുണ്ടോയെന്നറിയാൻ ജില്ലയിൽ റാപ്പിഡ് ടെസ്റ്റുകൾ പുരോഗമിക്കുകയാണ്.
Post Your Comments