ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ തമിഴ് ജനങ്ങളില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മാപ്പ് പറഞ്ഞ് തമിഴ് താരം പ്രസന്ന. മലയാളികള്‍ക്ക് ഏറെ പരിചിതമായ പട്ടണപ്രവേശം എന്ന ചിത്രത്തില്‍ തിലകന്‍ പറയുന്ന ‘ പ്രഭാകരാ ‘ എന്ന ഏറെ പ്രശസ്തമായ ഡയലോഗ് സിനിമയിലെ ഒരു സീനില്‍ തന്റെ വളര്‍ത്തു നായയെ സുരേഷ് ഗോപി വിളിക്കുന്നുണ്ട്. ഇത് തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണ് എന്ന പ്രചാരണം തമിഴ് ജനതയ്ക്കിടയില്‍ ഉണ്ടായതാണ് പ്രശ്‌നം വശളായത്.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനെതിരെയും ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യനെതിരെയും അധിക്ഷേപങ്ങളും അസഭ്യ വര്‍ഷവും ഭീഷണിയും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തമിഴ് ജനതയില്‍ നിന്ന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മാപ്പു ചോദിച്ച് പ്രസന്ന എത്തിയത്.
‘മലയാളം സിനിമകള്‍ കാണുന്ന ഒരു തമിഴന്‍ എന്ന നിലയില്‍ ആ സന്ദര്‍ഭം എനിക്ക് മനസിലാകും.. തെറ്റിദ്ധാരണകള്‍ക്കും നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ഥമായി ഖേദം അറിയിക്കുകയാണ്.. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ് സുരേഷ് ഗോപി സര്‍ ആ ചിത്രത്തില്‍ ഉപയോഗിച്ച പോലെ തന്നെയാണ് ആ പേരും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്’ എന്ന് പ്രസന്ന ട്വിറ്ററില്‍ കുറിച്ചു. പ്രസന്നയുടെ പിന്തുണയ്ക്ക് ദുല്‍ഖര്‍ ട്വീറ്റിലൂടെ തന്നെ നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments