ന്യൂഡല്‍ഹി: ജീവനക്കാരുടെ ക്ഷാമബത്താ വര്‍ധന മരവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവർ സൂം കോൺഫറൻസ് കോളിലൂടെ രംഗത്തെത്തി. സർക്കാർ ജീവനക്കാർക്കും സായുധ സേനാംഗങ്ങൾക്കും മേൽ ഈ ഘട്ടത്തിൽ ക്ലേശം അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ലെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നതായും,ക്ഷാമബത്ത വെട്ടക്കുറയ്ക്കപ്പെട്ടവര്ക്കൊപ്പമാണ് ഈ സാഹചര്യത്തില്‍ നാം നില്‍ക്കേണ്ടതെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
മനുഷ്യത്വരഹിതവും വിവേകശൂന്യവുമായ നടപടിയെന്നാണ് ക്ഷാമബത്താ വര്‍ധന മരവിപ്പിച്ച തീരുമാനത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത്. പ്രതിസന്ധികള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഡല്‍ഹിയുടെ ഹൃദയഭാഗങ്ങള്‍ സൗന്ദര്യവത്കരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. മധ്യവര്‍ഗത്തിന്റെ കൈയില്‍നിന്ന് എടുക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കുകയല്ല, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കായി ധൂര്‍ത്തടിക്കുകയാണെന്നും രാഹുല്‍ വിമർശിച്ചു.
കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്.
Post Your Comments