തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ സാമൂഹിക അകലം പാലിക്കേണ്ടിവരുമ്പോൾ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ലോക്ക് ഡൗണിന് ശേഷം സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം കുറയ്ക്കാന്‍ ബസുകള്‍ക്ക് റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നിലൊന്ന് യാത്രക്കാരേ പാടുള്ളു എന്നിരിക്കെ ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്ന് ബസുകള്‍ സര്‍വീസ് നടത്തേണ്ടിവരും. ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും. ഒന്നുകില്‍ ഈ തുക സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ നഷ്ടം നികത്താന്‍ കഴിയുന്ന തരത്തില്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടുകയും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന ഇന്ധന നികുതിയില്‍ ഇളവ് നല്‍കുകയും വേണം.
അതോടൊപ്പം റോഡ് നികുതി കൂടി ഒഴിവാക്കണമെന്നാണ് സ്വകാര്യബസുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം ഒരുവര്‍ഷത്തേക്ക് ബസുകള്‍ ഓടിക്കില്ലെന്ന് ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് താല്‍ക്കാലികമായി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഗതാഗതവകുപ്പ് സര്‍ക്കാരിന് മുന്നില്‍ വച്ചത്.
സ്വകാര്യബസുകള്‍ക്ക് ഏപ്രില്‍മാസത്തെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തേ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
Post Your Comments