ആലപ്പുഴ; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറ്റാനം കുഴിക്കാല തറയില്‍ സതീഷ് (43), ഇലിപ്പക്കുളം അരീപ്പുറത്ത് എ.എം.ഹാഷിം (44) എന്നിവരാണ് വള്ളികുന്നം പോലീസിന്റെ പിടിയിലായത്. സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റിയംഗവും ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന എ.എം.ഹാഷിറിന്റെ സഹോദരനുമാണ് അറസ്റ്റിലായ ഹാഷിം.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിലെ ജോലിക്കാരനാണ് സതീഷ്. അടൂര്‍ പന്നിവിഴയിലെ ബന്ധുവീട്ടില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈലിനെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെട്ടിയത്.കോവിഡ് ദുരിതബാധിതര്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ.-യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഫെയ്‌സ് ബുക്കിലെ പോര്‍വിളിയാണ് വധശ്രമത്തില്‍ കലാശിച്ചത്.
യൂത്ത് കോണ്‍ഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് ഇക്ബാലിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സുഹൈലിന് വെട്ടേറ്റത്. കഴുത്തിന് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈൽ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. എതിരേ സ്‌കൂട്ടറില്‍ വന്ന സംഘം ഇക്ബാലിനെയാണ് വെട്ടിയത്. ഇയാള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ സുഹൈലിന് വെട്ടേല്ക്കുകയായിരുന്നുവെന്ന് പറയുന്നു.
വെട്ടിയത് താനാണെന്ന് സതീഷ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. വെട്ടാനുപയോഗിച്ച ആയുധവും സംഭവസ്ഥലത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പും നടത്തി. ഹാഷിമിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ശാസ്ത്രീയമായി തെളിവുകളെല്ലാ ശേഖരിച്ചു കഴിഞ്ഞു. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കെടുത്ത മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം ഉടന്‍ അറസ്റ്റുചെയ്യുമെന്ന് സി.ഐ. പറഞ്ഞു.
Post Your Comments