കൊച്ചി: സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കിയ സ്പ്രിന്‍ക്ലര്‍ കരാറില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിന്‍ക്ലര്‍ ഡാറ്റ ഇടപാടിനെ ന്യായീകരിച്ച് സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ കരാര്‍ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിക്ക് നല്‍കുന്നതിനെ കേന്ദ്രം ചോദ്യം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ അപ്പാടെ തള്ളിയാണ് കേന്ദ്രം കോടതിയെ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ള സംവിധാനങ്ങള്‍ വന്‍ തോതിലുള്ള വിവര ശേഖരണത്തിന് പര്യാപ്തമാണെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര വലിയ വിവരശേഖരണവും നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സൗകര്യങ്ങള്‍ സജ്ജമാണ്. എന്‍.ഐ.സിയുടെ സഹായത്തോടെ വന്‍തോതിലുള്ള വിവര ശേഖരണം സാധ്യമാണ്. ആരോഗ്യ സേതു പദ്ധതി ഇതിനു ഉദാഹരണമായി കേന്ദ്രം എടുത്തു പറഞ്ഞു.
സ്പ്രിന്‍ക്ലര്‍ കമ്ബനിയുമായി ഉണ്ടാക്കിയ കരാര്‍ പൗരന്റെ അവകാശം സംരക്ഷിക്കാന്‍ പോന്നവയല്ല. കരാറിന്റെ അധികാര പരിധി ന്യുയോര്‍ക്ക് ആക്കിയത് വ്യക്തി താത്പര്യത്തിന് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആരോഗ്യ സേതു ആപ്പില്‍ മാത്രം ഏഴ് കോടി പേരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ഇത് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഡാറ്റ ശേഖരിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കരാര്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ചൂണ്ടികാണിക്കുന്നത്. വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദേശ കമ്ബനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിന്‍ക്ലര്‍ കരാറില്‍ അതുസംബന്ധിച്ച വ്യവസ്ഥകളില്ലെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.
Post Your Comments