ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഏറ്റവും ഒടുവിലായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റെ ഗുണം ഇന്ത്യയില്‍ ലഭിക്കാത്തതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
ഇപ്പോഴും രാജ്യത്ത് ലിറ്ററിന് 69, 62 രൂപ നിരക്കിലാണ് പെട്രോളും ഡീസലും വില്‍പന നടത്തുന്നത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് മിലിന്ദ് ദിയോറ പ്രതികരിച്ചിരിക്കുന്നത്. മിലിന്ദിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ‘ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഡബ്ല്യുടിഐ അല്ല, ബ്രെന്റ് ക്രൂഡ് ഓയിലാണ്. ബാരലിന് 21 ഡോളറാണ് ഇന്നത്തെ വില. ആവശ്യം കുറവായതിനാല്‍ നമ്മള്‍ ഇറക്കുമതി ചെയ്യുന്നത് കുറവ് ഓയില്‍ മാത്രമാണ്.
വില കുറയുന്നത് കൊണ്ട് ചില നേട്ടങ്ങളുണ്ടായേക്കാം. അവസാനമായി വാഹനങ്ങളും വിമാനങ്ങളും അടക്കം ചലിക്കാതിരിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറക്കുന്നത് കൊണ്ട് നേട്ടമൊന്നുമില്ല”.മിലിന്ദിന്റെ വ്യത്യസ്ത പ്രതികരണം സോഷ്യൽ മീഡിയയും ചർച്ചയാക്കിയിരിക്കുകയാണ്. മിലിന്ദിന്റെ അച്ഛന്‍ മുരളി ദേവ്‌റ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ പെട്രോളിയം മന്ത്രി ആയിരുന്നു. മിലിന്ദിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ മിടുക്കനായ സഹപ്രവര്‍ത്തകന്‍ ഉത്തരം നല്‍കിയിട്ടുണ്ട് എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരിഹാസം.പാര്‍ട്ടി നിലപാടില്‍ നിന്നും വേറിട്ട മിലിന്ദിന്റെ പ്രതികരണം കോണ്‍ഗ്രസില്‍ മറ്റ് ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്. പാര്‍ട്ടിക്കുളളില്‍ മറ്റൊരു വിമതനായി മിലിന്ദ് മാറുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ശേഷം മിലിന്ദ് ആണോ അടുത്തത് എന്നാണ് ചോദ്യം.
Post Your Comments