കൊടുമൺ: പതിനാറുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ജുവനൈൽ ഹോമിലേക്കു മാറ്റി. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ എസ്.അഖിലിനെയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് മുതൽ ഇവർ സുഹൃത്തുക്കൾ ആയിരുന്നു. ഒൻപതാം ക്ലാസ് വരെ പ്രതികളിൽ ഒരാൾ അഖിലിനൊപ്പം കൈപ്പട്ടൂരിലെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് ഇവിടെ നിന്ന് അങ്ങാടിക്കൽ തെക്കുള്ള ഹൈസ്കൂളിലേക്ക് മാറി. എങ്കിലും ഇവർ തമ്മിലുള്ള സൗഹൃദം തുടർന്നുപോന്നിരുന്നു. പ്രതികളിൽ ഒരാളുടെ സ്കേറ്റിങ് ഷൂ അഖിൽ എടുത്തു കൊണ്ടുപോയപ്പോൾ ഒരു ചക്രം ഇളകി പോയതിന് പകരം മൊബൈൽ ഫോൺ നൽകാമെന്ന് വാക്ക് നൽകിയിരുന്നു. ഇതു പാലിക്കാത്തതിനെ തുടർന്ന് മൂന്നുപേരും തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. പിന്നീട് ഫേസ്ബുക്ക് വഴിയുള്ള കളിയാക്കലുകൾ കൂടി ആയതോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആസൂത്രിതമായാണ് കൊലനടത്തിയിരിക്കുന്നത് എന്നതാണ് പ്രാഥമിക നിരീക്ഷണത്തിൽ തെളിയുന്നത്. പുറത്തുനിന്ന് ആരുടെയെങ്കിലും നിർദേശമോ, സഹായമോ ലഭ്യമായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ കൊല്ലണമെന്ന് ഉദ്ദേശം ഇല്ലായിരുന്നെന്നും കല്ല് കൊണ്ടു മർദ്ദിക്കാനാണ് വിചാരിച്ചതെന്നുമാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. അതേസമയം ദാരുണമായ സംഭവം അറിഞ്ഞ് അങ്ങാടിക്കൽ പ്രദേശം അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
Post Your Comments