കൊൽക്കത്ത: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടായോ എന്ന പരിശോധിക്കാന്‍ പശ്ചിമ ബംഗാളില്‍ കേന്ദ്ര സംഘത്തെ അയച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊറോണ വൈറസ് വ്യാപനം തടയാനുള്ള എന്ത് നിര്‍ദേശങ്ങളും കേന്ദ്രത്തില്‍നിന്ന് സ്വീകരിക്കാന്‍ തയാറാണ്. കേന്ദ്ര സംഘങ്ങളെ ചില സംസ്ഥാനങ്ങളിലേക്ക് മാത്രം അയയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. തൃപ്തികരമായ ഉത്തരം ലഭിക്കാത്തപക്ഷം കേന്ദ്ര സംഘങ്ങളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യത്തില്‍ വിശദീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കേന്ദ്ര സംഘം എത്തുന്നതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഉച്ചക്ക് ഒന്നിന് ആണ് എന്നോട് സംസാരിച്ചത്. എന്നാൽ രാവിലെ 10.10 ന് തന്നെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അവര്‍ ഇറങ്ങിയിരുന്നു. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് എത്തുന്നതിനു അരമണിക്കൂര്‍ മുൻപ് അവര്‍ എത്തിയെന്നും മമത ആരോപിച്ചു. ലോക്ക്ഡൗണ്‍ ലംഘനം ഉണ്ടായെന്നും പശ്ചിമ ബംഗാളിലെ ചില ജില്ലകളില്‍ സ്ഥിതി ഗുരുതരമാണെന്നുമുള്ള കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടും മമത തള്ളിക്കളഞ്ഞു. ഇതെല്ലാം ചിലരുടെ ഭാവനാ സൃഷ്ടിയാണെന്നായിരുന്നു അവരുടെ പ്രതികരണം.
Post Your Comments