KeralaLatest NewsNews

കോവിഡ് 19 : കേരളത്തെ നാലു മേഖലകളായി തരംതിരിച്ചു; പുതിയ മാര്‍ഗ രേഖയുടെ കൂടുതല്‍ വിശദാംശങ്ങളിലൂടെ

തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് 19 രോഗ നിയന്ത്രണത്തിന് പുതിയ മാർഗരേഖയായി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ വിഭാഗങ്ങളായി ജില്ലകളെ തരംതിരിച്ച് ഉത്തരവായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ മേയ് മൂന്നു വരെ പൂർണമായ ലോക്ക്ഡൗൺ ഏർപ്പെടുത്തും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തിലുള്ളത്. 24 വരെ പൂർണ ലോക്ക്ഡൗൺ ഇവിടങ്ങളിലുണ്ടാവും. ഇതിനു ശേഷം ചെറിയ ഇളവുകൾ പരിഗണിക്കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. ഇവിടെ 20 വരെ പൂർണ ലോക്ക്ഡൗൺ തുടരും. ഇതിനു ശേഷം ഇളവുകൾ അനുവദിക്കും. കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻസോണിൽ ഉൾപ്പെടുത്തി. ഇവിടെയും 20 വരെ ലോക്ക്ഡൗൺ തുടരും. തുടർന്ന് ഇളവുകൾ നൽകും.
ഹോട്ട്‌സ്‌പോട്ടുകളിലും രോഗം കൂടുതൽ ബാധിച്ച ജില്ലകളിലും പൂർണ പ്രതിരോധം ഒരുക്കും. ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ടാവും. അവശ്യ സേവനങ്ങളല്ലാതെയുള്ള എല്ലാ നീക്കങ്ങളും മറ്റു സ്ഥലങ്ങളിൽ നിയന്ത്രിക്കും. അതിർത്തികളിലും നിയന്ത്രണം തുടരും. അടിയന്തരപ്രാധാന്യമുള്ള യാത്രകൾ, ചരക്കുനീക്കം എന്നിവ മാത്രം അതിർത്തികളിൽ അനുവദിക്കും.

ആരോഗ്യ, വെറ്ററിനറി ജീവനക്കാർ, ശാസ്ത്രജ്ഞർ, നഴ്‌സുമാർ, പാരമെഡിക്കൽ സ്റ്റാഫ്, ലാബ് ടെക്‌നീഷ്യൻമാർ, മിഡ്‌വൈവ്‌സ്, ആശുപത്രി സേവന സംവിധാനങ്ങൾ എന്നിവയല്ലാതെയുള്ള വിമാനയാത്രകൾ പൂർണമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾക്കല്ലാതെയുള്ള ട്രെയിൻ യാത്രകളും അനുവദനീയമല്ല. ജില്ലകൾക്കിടയിലെ പൊതുഗതാഗതം, മെട്രോ റെയിൽ സർവീസ്, ആരോഗ്യാവശ്യങ്ങൾ, മാർഗനിർദ്ദേശത്തിലുള്ള മറ്റ് അടിയന്തരആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെയുള്ള സംസ്ഥാന, ജില്ലാന്തര യാത്രകൾ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണം. മാർഗരേഖ പ്രകാരമല്ലാതെയുള്ള എല്ലാ വ്യാവസായിക, വാണിജ്യ നടപടികളും നിർത്തും. മാർഗനിർദ്ദേശപ്രകാരമാല്ലാതെയുള്ള ഹോട്ടൽ സേവനം, ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ സേവനം, സിനിമ ഹാൾ, മാളുകൾ, ഷാപ്പിംഗ് കോംപ്ലക്‌സ്, ജിം, കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, അസംബ്‌ളി ഹാളുകൾ, സമാന സ്ഥലങ്ങൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്.
സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, പഠന, സാംസ്‌കാരിക, മത ചടങ്ങുകളും ജനങ്ങൾ ഒത്തുചേരുന്ന മറ്റു പരിപാടികളും ഒഴിവാക്കും. ആരാധനാലയങ്ങൾ അടച്ചിടും. വിവാഹം, മരണാനന്തരചടങ്ങുകൾ എന്നിവയിൽ 20 പേരിലധികം ഉണ്ടാകാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

റെഡ് വിഭാഗത്തിലെ ജില്ലകൾ, ഹോട്ട്‌സ്‌പോട്ടുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് രണ്ട് എൻട്രി, എക്‌സിറ്റ് പോയിന്റുകളാവും ഉണ്ടാവുക.

ആരോഗ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കും. കാർഷിക പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. പ്ലാന്റേഷൻ മേഖലയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ, ധനകാര്യ മേഖല എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി അനുവദിക്കും. ഒരു സംഘത്തിൽ അഞ്ചിലധികം പേരുണ്ടാകരുത്.

വാഹന നിയന്ത്രണം

സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തി അനുമതി നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ നമ്പർ വാഹനങ്ങൾക്ക് അനുമതി ലഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട നമ്പർ വാഹനങ്ങൾ അനുവദിക്കും. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കി. നാലുചക്രവാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കും. യാത്രക്കാർ മാസ്‌ക്കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാകുന്ന സ്ഥലങ്ങളിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും.

സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കും

ആരോഗ്യം, പോലീസ്, ഹോംഗാർഡ്, സിവിൾ ഡിഫൻസ്, ഫയർ ഫോഴ്‌സ്, ദുരന്ത നിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂർണതോതിൽ പ്രവർത്തിക്കും. മറ്റു സർക്കാർ ഓഫീസുകൾ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവർത്തിക്കും. ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാർ ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളിൽ 33 ശതമാനം ജീവനക്കാരെത്തണം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ 35 ശതമാനം ജീവനക്കാർ ഹാജരാകണം. തിങ്കൾ മുതൽ വെള്ളി വരെയാവും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button