മലപ്പുറം: കീഴാറ്റൂര്‍ സ്വദേശിയുടെ മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം പുറത്തു വന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കുമ്പോഴാണ് കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി വീരാന്‍കുട്ടി ഇന്ന് രാവിലെ (85) മരിച്ചത്.
ഇദ്ദേഹം കോവിഡ് ബാധ മൂലമല്ല മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്ന വീരാന്‍കുട്ടിയുടെ അവസാനത്തെ മൂന്ന് പരിശോധന ഫലവും നെഗറ്റീവ് ആണ്.ഏപ്രില്‍ മൂന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
മാര്‍ച്ച് 31ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വീരാന്‍കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 വര്‍ഷമായി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നത്.
ഏപ്രില്‍ മൂന്നിന് ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ ഏഴ്, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു.
ALSO READ: കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ് ബ്രിട്ടന്‍
ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ വീരാന്‍കുട്ടിക്ക് ഏപ്രില്‍ 16ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ഏപ്രില്‍ 17ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ ഇന്ന് പുലര്‍ച്ചെ നാലോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments