തിരുവനന്തപുരം • ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും നമ്മുടെ സംസ്ഥാനത്തും മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഏപ്രില്‍ മൂന്നിന് ആശുപത്രി വിട്ടിരുന്നു. കോവിഡ് സ്ഥിരീകരിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടിയിരിക്കുകയാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ. സന്തോഷ് കുമാര്‍, കെ.കെ. അനീഷ് എന്നിവരാണ് രോഗമുക്തി നേടിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇവരെ വിളിച്ച് ആരോഗ്യ മേഖലയ്ക്ക് ചെയ്യുന്ന ആത്മാര്‍ത്ഥ സേവനത്തിന് അഭിനന്ദനം അറിയിച്ചു. ഇവരെപ്പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിന്റെ ഊര്‍ജമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലേയും കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് സന്തോഷ് കുമാറും അനീഷും. നെടുമ്പാശേരി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ മാര്‍ച്ച് 19നും 21നും ഇവര്‍ക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ആയതിനാല്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എന്‍ 95 മാസ്‌കും അതിനുമീതെ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ധരിച്ചാണ് യാത്രക്കാരെ പരിശോധിച്ചത്. മാര്‍ച്ച് 23ന് സന്തോഷ് കുമാറിന് ചെറുതായി പനി തുടങ്ങി. ഉടന്‍ താമസ സ്ഥലമായ കാലടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിരീക്ഷണത്തിലാക്കി. മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ 28ന് സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചു. അന്ന് വൈകിട്ട് തന്നെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടര്‍ന്ന് സന്തോഷ് കുമാറിനെ എറണാകുളം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ഠിച്ച അനീഷ് ഉള്‍പ്പെടെ ആ ബാച്ചിലെ 40 ഓളം പേരെ നിരീക്ഷണത്തിലാക്കി.
പാറശാല സ്വദേശിയായ സന്തോഷ് കുമാര്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ വലിയ വിഷമത്തിലായിരുന്നു. അമ്മയും ഭാര്യയും 9, 4 വയസുള്ള രണ്ട് കുട്ടികളുമായിരുന്നു പാറശാല വീട്ടിലുള്ളത്. ദിവസവും വീട്ടുകാരുമായും മക്കളുമായും വീഡിയോ കോള്‍ വഴി സംസാരിക്കുമ്പോഴും അവരെ വിഷമിപ്പിക്കേണ്ടെന്നു കരുതി കോവിഡ് സ്ഥിരീകരിച്ച കാര്യം പറഞ്ഞില്ല, ഐസൊലേഷനില്‍ നിരീക്ഷണത്തിലാണെന്ന് മാത്രം പറഞ്ഞു. ഇത് പുറത്ത് പറയരുതെന്ന് ഡോക്ടര്‍മാരോടും അറിയിച്ചു. ഇതിനിടെ സന്തോഷ് കുമാറിന് ന്യൂമോണിയയും ചെറിയ ചുമയും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അറിഞ്ഞ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്തോഷ് കുമാറിനെ നേരിട്ട് വിളിച്ച് ആശ്വാസ വാക്ക് പറഞ്ഞ് വലിയ പിന്തുണ നല്‍കി. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ നിശ്ചയിച്ചു. സന്തോഷ് കുമാറിന് വലിയ മാനസിക പിന്തുണയാണ് വേണ്ടതെന്ന് കണ്ടെത്തി അത്തരത്തിലാണ് ചികിത്സ ക്രമീകരിച്ചത്.
പെരുമ്പാവൂര്‍ സ്വദേശിയായ അനീഷ് നിരീക്ഷണത്തിലിരിക്കേയാണ് മാര്‍ച്ച് 30ന് കോവിഡ് സ്ഥിരീകരിച്ചത്. അനീഷിനേയും എറണാകുളം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. അനീഷിന് ഭാര്യയും 7 വയസ്, 2 മാസം എന്നിങ്ങനെ പ്രായമുള്ള കുട്ടികളുമുണ്ട്. ഭാര്യയും കുട്ടികളും പ്രസവാനന്തരം ഭാര്യയുടെ വീട്ടിലായിരുന്നു. നിരീക്ഷണത്തിന് മുമ്പ് അനീഷ് സ്വന്തം വീട്ടിലും ഭാര്യയുടെ വീട്ടിലും പോയിരുന്നു. അത് ആശങ്കപ്പെടുത്തിയെങ്കിലും എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവായിരുന്നു. അവര്‍ക്കാര്‍ക്കും രോഗം വരാത്തത് വലിയ ആശ്വാസമായി അനീഷ് കാണുന്നു. അനീഷിന് കാര്യമായ ലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇല്ലായിരുന്നു.
ഡിസ്ചാര്‍ജ് ആയതോടെ ഇരുവരും വീട്ടിലെ നിരീക്ഷണത്തിലാണ്. ഡിസ്ചാര്‍ജ് ചെയ്തയുടനെ സന്തോഷ് കുമാര്‍ ആദ്യം ചെയ്തത് ഭാര്യയെ വിളിച്ച് താന്‍ കോവിഡില്‍ നിന്നും മുക്തിയായെന്നാണ്.
അതേസമയം കൊറോണ പ്രതിരോധത്തില്‍ നിന്നും ഒരല്‍പം പോലും പുറകോട്ട് പോകില്ലെന്നാണ് സന്തോഷ്‌കുമാറും അനീഷും പറയുന്നത്. രോഗ പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍. ആരോഗ്യ വകുപ്പ് വലിയ പിന്തുണയാണ് നല്‍കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ എത്രയും വേഗം അതിജീവിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ എന്നിവര്‍ വിളിച്ചത് ഏറെ ആശ്വാസം നല്‍കി.
ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഗീത നായര്‍, ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ എന്നിവരോട് നന്ദി പറയുന്നതായും സന്തോഷ് കുമാറും അനീഷും പറഞ്ഞു.
Post Your Comments