ഷാങ്ഹായ്: ലോകരാജ്യങ്ങൾ കോവിഡിനെ എങ്ങനെ തോൽപിക്കുമെന്നു തലപുകയ്ക്കുമ്പോൾ ചൈന സ്‌റ്റേഡിയം നിർമ്മാണത്തിൽ. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നിന്റെ നിർമാണമാണു ചൈനയിലെ തെക്കൻ നഗരമായ ഗ്വാങ്ചൗവിൽ ഇന്നലെ തുടങ്ങിയത്. ചൈനീസ് സൂപ്പർ ലീഗ് ക്ലബ് ഗ്വാങ്ചൗ എവർഗ്രാൻഡെയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേർക്കു കളി കാണാനിരിക്കാം.
സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയുടെ പ്രശസ്തമായ നൂകാംപ് സ്റ്റേഡിയത്തെക്കാൾ (99,354 സീറ്റ്) കൂടുതൽ. 1200 കോടി ചൈനീസ് യുവാൻ (ഏകദേശം 13000 കോടി രൂപ) ചെലവു വരുന്ന സ്റ്റേഡിയത്തിന്റെ നിർമാണം ഇന്നലെ തുടങ്ങി. 2022ൽ പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്.
രാജ്യത്തു ഫുട്ബോളിന്റെ പ്രചാരം വർധിപ്പിക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണു സ്റ്റേഡിയം നിർമാണവും. എവർഗ്രാൻഡെയുടെ പ്രധാന എതിരാളികളായ ഷാങ്ഹായ് എസ്ഐപിജിയും സ്റ്റേഡിയം നിർമാണത്തിലാണ്. ഫിഫ ക്ലബ് ലോകകപ്പിനും എഎഫ്സി ഏഷ്യൻ കപ്പിനും ചൈന ആതിഥ്യമരുളുമ്പോൾ വേദിയാവുക ഈ സ്റ്റേഡിയങ്ങളാകും. ഒളിംപിക്സിനു വേദിയൊരുക്കുന്ന രണ്ടാമത്തെ ചൈനീസ് നഗരമാകാനും ഷാങ്ഹായ്ക്കു പദ്ധതിയുണ്ട്. 2008ലെ ഒളിംപിക്സിനു ബെയ്ജിങ് വേദിയൊരുക്കിയിരുന്നു.
Post Your Comments