Latest NewsNewsTechnology

കോവിഡ്-19 പ്രതിസന്ധി മുതലെടുത്ത് ഹാക്കർമാർ രംഗത്തിറങ്ങുമെന്ന് സൈബർ പ്രൂഫ് വിദഗ്ധർ

തിരുവനന്തപുരം • ലോകമെങ്ങും കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സൈബർ സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ടി ഗ്ലോബൽ കമ്പനിയായ സൈബർ പ്രൂഫ്. സൈബർ കുറ്റവാളികളും സ്റ്റേറ്റ് സ്പോൺസേഡ് ഹാക്കർമാരും ഉൾപ്പെടെ സാഹചര്യം മുതലെടുക്കാനും നശീകരണ പ്രവർത്തനങ്ങൾ നടത്താനും സാധ്യതയുണ്ട്.

ഹാക്കർമാർ അധോലോക നെറ്റ് വർക്കുകളിലൂടെ പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട്. സൈബർ ആക്രമണങ്ങൾക്കാവശ്യമായ വിഭവങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്. ഇത്തരക്കാരുടെ പ്രവർത്തന വഴികളെ നിരന്തരം പിന്തുടർന്ന് സൈബർ പ്രൂഫ് കണ്ടെത്തിയ വിവരങ്ങൾ ആശങ്കാജനകമാണ്.

കൊറോണ വൈറസ് ബാധയുള്ള സ്ഥലങ്ങളുടെ ഓൺലൈൻ മാപ്പുകൾ ഷെയർ ചെയ്യുമ്പോൾ അതിനുള്ളിലൂടെ അപകടകാരികളായ സോഫ്റ്റ് വെയറുകൾ കടത്തിവിടുന്ന തരത്തിലുള്ള ആക്രമണ പദ്ധതികൾ ഹാക്കർമാർ ആസൂത്രണം ചെയ്യുന്നതായി സൈബർ പ്രൂഫ് കണ്ടെത്തിയിട്ടുണ്ട്.

വിൻഡോസിൻ്റെ ഏതു വേർഷനിലും പ്രവർത്തിക്കുന്ന ഇത്തരം മാൽവെയറുകൾ ഫയൽ എക്സ്റ്റൻഷൻ അറ്റാച്ച്മെൻ്റുകൾ വഴി നേരിട്ട് സിസ്റ്റത്തിനുള്ളിൽ കടന്നു കയറും.

“പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ അവസരങ്ങൾ കഴിയുന്നത്ര മുതലെടുക്കാൻ ഹാക്കർമാർ ശ്രമിക്കും. നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്” , സൈബർ പ്രൂഫ് പ്രസിഡണ്ട് യുവാൾ വോൾമാൻ അഭിപ്രായപ്പെട്ടു. ഇത്തരം നിർണായക സന്ദർഭങ്ങളിൽ അതിവേഗത്തിലാണ് അവർ പ്രവർത്തനനിരതരാവുന്നത്. അതേ രീതിയിൽ നാം മുന്നേറേണ്ടതുണ്ട്. സ്ഥാപനത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ കരുതിയിരിക്കണം, ” അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണക്കാലത്ത് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഹാക്കർമാർ വീടുകളിലേക്കൊതുങ്ങി. വിരസത മാറ്റാൻ പുതിയ മാർഗങ്ങൾ തിരയുകയാണവർ. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കവർന്നെടുക്കാനും നിർണായക സംവിധാനങ്ങളെ തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനുമാണ് അവരുടെ ശ്രമം.

പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ ഉപയോക്താക്കളെ സഹായിക്കാനാണ് സൈബർ പ്രൂഫും യു എസ് ടി ഗ്ലോബലും ശ്രമിക്കുന്നതെന്ന് സൈബർ പ്രൂഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും യു എസ് ടി ഗ്ലോബൽ ചീഫ് ഇൻഫൊർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ ടോണി വെല്ലാക്ക അഭിപ്രായപ്പെട്ടു. റിമോട്ട് വർക്കിലെ വെല്ലുവിളികളെ മറികടക്കാൻ, കേറ്റോ നെറ്റ് വർക്കുമായി യോജിച്ച് ലോകമെമ്പാടും ലഭ്യമാകുന്ന ഒരു വിപിഎൻ സൊല്യൂഷന് രൂപം നല്കിയിട്ടുണ്ട്. 95% ഉപയോക്തൃ സ്ഥാപനങ്ങളുടെയും വർക്ക് ഫ്രം ഹോം ജീവനക്കാർക്കും ലഭ്യമാക്കുന്ന ഈ സൊല്യൂഷൻ സുരക്ഷാ ഭീഷണിയെ വലിയൊരു പരിധി വരെ ചെറുക്കാൻ പ്രാപ്തമാണ്. റിമോട്ട് വർക്കിങ്ങ് കാര്യക്ഷമമാക്കാൻ ഇത് വലിയ തോതിൽ ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button