തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലകളിലും അത്യാവശ്യ കാര്യങ്ങൾക്കായി വീടിന് പുറത്തിറങ്ങുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ച സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. അതോടൊപ്പം എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അതേസമയം കോവിഡ് രോഗികൾ താരതമ്യേന കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പത്തനംതിട്ടയിൽ ആറും എറണാകുളം ജില്ലയിൽ മൂന്നും കൊല്ലത്ത് അഞ്ചും കൊവിഡ് കേസുകളാണുള്ളത്. ഹോട്ട് സ്‌പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിട്ടുള്ള മേഖലയിൽ പത്തനംതിട്ട, എറണാകുളം ജില്ലകൾ ഉൾപ്പെടുന്നു. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരും. ഈ ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകളായ പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തി അടച്ചിടും. ഏപ്രിൽ 24 നുശേഷം അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ചില ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.
Post Your Comments