Latest NewsNewsDevotional

ഭദ്ര കാളി ദേവിയെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ

അതിപ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ്‌ കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്‌.

ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ

“ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം
ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ”

എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്‌. ശിവപ്രിയയാണ്‌ ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ‘ശിവ’എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയപുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണിക്കുന്നുണ്ട്‌. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി.

ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍, സ്കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ ത്രിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ മഹാഭദ്രകാളി ഉടലെടുത്തു. ഇത്‌ ശിവപുത്രിയാണ്‌. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. ബംഗാള്‍ തുടങ്ങിയ ദേശങ്ങളിലും കാളിയെ കരാളരൂപിണിയായിട്ടാണ്‌ സങ്കല്‍പിച്ചിരിക്കുന്നത്‌. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ്‌ ഭദ്രകാളീ സങ്കല്‍പത്തിലുള്ളത്‌.

കാളിയെ പൊതുവെ ഒരു കോപമൂര്‍ത്തിയായിട്ടാണ്‌ കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്‌. സമരേഷുദുര്‍ഗ്ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമായാണ്‌ ഭദ്രകാളി. വസൂരി മുതലായ രോഗങ്ങളെയും ഭൂതപ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതും ഭദ്രകാളിയാണെന്നു സങ്കല്‍പിക്കപ്പെടുന്നു.

പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ്‌ ഭദ്രകാളിയെന്ന്‌ ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ദ്രാവിഡജനതയുടെ ആരാധനാമൂര്‍ത്തികളിലൊന്നായിരുന്നു കാളി എന്ന്‌ ഒരു അഭിപ്രായമുണ്ട്‌. കേരളത്തില്‍ പ്രാചീനകാലം മുതല്‍ തന്നെ കാളീപൂജ നിലനിന്നിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളിലും കാവുകളിലും കാളീപൂജ പതിവായിരുന്നു. ആര്യാധിനിവേശത്തിനു മുമ്പുതന്നെ ഇതു നിലനിന്നിരുന്നതായാണ്‌ കരുതപ്പെടുന്നത്‌. ബ്രാഹ്മണേതരര്‍ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കളരികളും ഇന്നും കേരളത്തിലുള്ളത്‌ ഇതിന്റെ സൂചനയാണ്‌.

ശ്രീകുരുംബക്കാവ്‌, പനയന്നാര്‍ക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിവിടങ്ങളിലൊക്കെ കാവുകളില്‍നിന്നാണ്‌ ഭദ്രകാളീക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്‌. കാളിയ്ക്ക്‌ പത്തുരൂപങ്ങളുണ്ട്‌. ദശവിദ്യ എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ്‌ പത്തുരൂപങ്ങള്‍.

ഇവ വിദ്യകള്‍ എന്നറിയപ്പെടുന്നതില്‍നിന്ന്‌ കാളിയുടെയും വാണിയുടെയും ഏകത്വമാണ്‌ വെളിവാകുന്നത്‌ എന്ന്‌ പറയപ്പെടുന്നു. കാളിദാസന്റെ കവിത്വത്തിന്‌ ഹേതു കാളീപ്രസാദമാണെന്ന ഐതിഹ്യവും ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്‌. ശ്രീരാമകൃഷ്ണനും കാളിയെ സാത്വികഭാവത്തിലാണ്‌ ഉപാസിച്ചത്‌.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക്‌ പല രൂപകല്‍പനകളുമുണ്ട്‌. വാള്‍, പരിച, കപാലം, ദാരികശിരസ്സ്‌, വെണ്‍മഴു, ഡമരു, ശൂലം, കയറ്‌, തോട്ടി, ഉലക്ക, തലയോട്‌, മണി, സര്‍പ്പം, ശംഖ്‌, അമ്പ്‌, വില്ല്‌, കുന്തം, ചക്രം തുടങ്ങിയവയാണ്‌ ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്‌. നാല്‌, എട്ട്‌, പതിനാറ്‌ എന്നിങ്ങനെ അറുപത്തിനാല്‌ കൈകളുള്ള കാളീസങ്കല്‍പങ്ങള്‍ വരെയുണ്ട്‌. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിയ്ക്കുണ്ട്‌.

തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തിലാണ്‌ കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്‌ എന്നു കരുതപ്പെടുന്നു. പീഠം, വാള്‍, ചിലമ്പ്‌, വാല്‍ക്കണ്ണാടി, ശിലാനിര്‍മിതവും ലോഹനിര്‍മിതവുമായ കണ്ണാടിബിംബം എന്നിവയും ഭദ്രകാളീസങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കുന്ന രീതി കേരളത്തില്‍ സാധാരണമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button