മോസ്കോ: ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യ . മോസ്കോയിലെ ആശുപത്രിയ്ക്ക് മുന്പില് 45 ആംബുലന്‍സുകള്‍ വരിയില്‍ നില്ക്കുന്ന കാഴ്ച പുറത്ത്. കൊറോണ നിയന്ത്രണാധീനമാണെന്നും, റഷ്യയെ അത് ബാധിക്കില്ലെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞത് വെറുതെയാണെന്ന് തെളിഞ്ഞു. മോസ്കോയില്‍ ഒരു ആശുപത്രിക്ക് മുന്നില്‍ നിരനിരയായി, രോഗികളുമായി ഊഴം കാത്ത് നില്ക്കുന്ന ആംബുലന്‍സുകളുടെ വീഡിയോ സഹിതമാണ് വാര്‍ത്ത പുറത്ത് വരുന്നത്.
റഷ്യയുടെ തലസ്ഥാന നഗരി കൊറോണ ബാധമൂലം ദുരിതമനുഭവിക്കുകയാണെന്നാണ് സൂചന. കോവിഡ് 19 ലക്ഷണങ്ങളും പേറുന്ന രോഗികളുമായി നഗരത്തിലെ ക്ലിനിക്കുകള്‍ക്ക് മുന്നില്‍ ആംബുലന്‍സിന്റെ നീണ്ട നിര തന്നെ കാണുന്നുണ്ട്. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയില്‍ ഏകദേശം 45 ആംബുലന്‍സുകളാണ് രോഗികളുമായി ഊഴം കാത്ത് കിടക്കുന്നത്. മോസ്കോയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്.
മോസ്കോയോട് ചേര്‍ന്ന് കിടക്കുന്ന ഖിംകി പ്രദേശത്തെ ഷെറെമെട്യോവ് വിമാനത്താവളത്തിനടുത്തുള്ള ഒരു ആശുപത്രിയിലാണ് ഈ നീണ്ട നിര കാണപ്പെട്ടത്.
ഇതുവരെ 130 മരണങ്ങളാണ് റഷ്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 15,770 പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ പല മടങ്ങ് വരുമെന്നാണ് ആശുപത്രികള്‍ക്ക് മുന്നിലെ നീണ്ട നിരകള്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി മോസ്കോയിലും മറ്റ് പ്രധാന നഗരങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നിട്ടും രോഗവ്യാപനം കാര്യമായി തടയാനാവുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments