ദോഹ : ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഇന്ന്(11/04/2020) 216പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 2,728 ആയി ഉയര്‍ന്നു. ഇവരില്‍ 2,475 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കൂടി കോവിഡ് 19 വൈറസ് വിമുക്തമായതോടെ രോഗം ഭേദമായവരുടെ എണ്ണം 247 ആയി. 2,412 പേരിൽ കൂടെ പരിശോധന നടത്തിയതോടെ ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 47,751 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധനക്ക് വിധേയമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നു അധികൃതർ അറിയിച്ചു. അത്യാവശ്യകാര്യങ്ങള്‍ മാത്രം പുറത്ത് പോയാല്‍ മതിയെന്നും, പുറത്ത് പോയാലും സുരക്ഷിത അകലം പാലിക്കണമെന്നുമാണ് പൊതുജനാരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
ഒമാനില്‍ പുതിയതായി 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 546 ആയി ഉയർന്നെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രാജ്യത്ത് ഇത് വരെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. 109 പേര്‍ രോഗമുക്തി നേടി. ഒമാനില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ പകുതിയും വിദേശികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഒമാനിൽകോവിഡ് 19 ബാധിതരുടെ എണ്ണം ഓരോദിവസം വര്‍ധിക്കുന്നതും വൈറസ്സിന്റെ പ്രഭവ സ്ഥാനം ‘മത്രാ’ പ്രവിശ്യ ആയതും മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ‘മത്രാ’ പ്രവിശ്യയില്‍ നിന്നും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മലയാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ‘മത്രാ’ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വാദികബീര്‍, ദാര്‍സൈത്, ഹാമാരിയ, റൂവി എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായ വിദേശികളിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.
Post Your Comments