ദുബായ് : യുഎഇയിൽ രണ്ടു പ്രവാസികൾ കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരനും അറബ് പൗരനുമാണ് മരണപെട്ടത്. മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവരുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.
The latest update of #Coronavirus (#COVID19) in the #UAE#StayHome pic.twitter.com/GFF6BJN82P
— هيئة الصحة بدبي (@DHA_Dubai) April 9, 2020
പുതുതായി 331 പേർക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,990ലെത്തി. 29പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 268ആയെന്നും, മറ്റു രോഗികൾക്ക് ഉടൻ തന്നെ രോഗം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രലായം വ്യക്തമാക്കി.
രാജ്യത്തെ വൈറസ് വ്യാപനം തടയുക ലക്ഷ്യമിട്ടു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യുഎഇയിലെ വിവിധ ഭാഗങ്ങളിൽ 40,000 കോവിഡ് വൈറസ് പരിശോധനകളാണ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയത്. പൗരന്മാരെയും, വിദേശികളെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്താനായത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, ആവശ്യമായ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ കഴിഞ്ഞ ദിവസം വിദേശ വനിത കോവിഡ് ബാധിച്ച് മരിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ താമസക്കാരിയായിരുന്ന 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. നേരത്തെ മരണപ്പെട്ടത് മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ള രണ്ട് ഒമാൻ സ്വദേശികളാണ്.ഇരുവർക്കും എഴുപതു വയസിന് മുകളിൽ പ്രായമുണ്ടായിരുന്നു. മാർച്ച് 31നായിരുന്നു കൊവിഡ് 19 മൂലം ആദ്യ മരണം ഇവിടെ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 4നായിരുന്നു രണ്ടാമത്തെ മരണം. കഴിഞ്ഞ ദിവസം 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 457ലെത്തിയെന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.
Post Your Comments