ദില്ലി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്‌തേക്കുമെന്നു സൂചന. കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്നുളള പ്രഖ്യാപനം പ്രധാനമന്ത്രി നേരിട്ട് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചര്‍ച്ച നടത്തും. ലോക് ഡൗണ്‍ നീട്ടാനാണ് സാധ്യത എന്നാണ് ദില്ലിയില്‍ നിന്നുളള സൂചനകള്‍.
എന്നാല്‍ നിയന്ത്രണങ്ങളില്‍ ചിലതില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. അന്തര്‍സംസ്ഥാന ഗതാഗതം കര്‍ശനമായി തന്നെ നിയന്ത്രിക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ. സ്‌കൂളുകളും കോളേജുകളും ആരാധനാലയങ്ങളും അടഞ്ഞ് കിടക്കാന്‍ തന്നെയാണ് സാധ്യത.സാമ്പത്തിക രംഗത്ത് കൂടുതല്‍ തിരിച്ചടി സംഭവിക്കാതിരിക്കാന്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. സാമൂഹിക അകലം പാലിച്ച് കൊണ്ട് മാത്രമായിരിക്കും പ്രവര്‍ത്തനം അനുവദിക്കുക.
ലോക്ക് ഡൗണ്‍ കാരണം ഏറ്റവും അധികം ബാധിക്കപ്പെട്ടിരിക്കുന്ന വ്യോമയാന രംഗത്ത് ഇളവ് വന്നേക്കും. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ നീക്കുന്നത് സാധ്യമല്ലെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചിരുന്നു. പഞ്ചാബ് അടക്കമുളള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലോക്ക് ഡൗണ്‍ നീട്ടിക്കഴിഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും എന്ന സൂചനയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പങ്കുവെയ്ക്കുന്നത്.
Post Your Comments