പാലാ • മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് എൻ സി പി അധ്യക്ഷൻ ശരത് പവാർ.
എൻ സി പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ മാണി സി കാപ്പൻ എം എൽ എയോട് ടെലിഫോണിൽ സംസാരിക്കവെയാണ് എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ കുടുംബാഗങ്ങളും ബന്ധുക്കളും മഹാരാഷ്ട്രയിൽ നഴ്സുമാർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാണി സി കാപ്പൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ശരത് പവാറുമായി ടെലിഫോണിൽ ബന്ധപ്പെട്ടത്.
കോവിഡ് 19 ബാധിച്ചവരെ ചികിത്സിക്കുന്ന ചില ആശുപത്രികളിൽ സുരക്ഷാ കവചങ്ങൾ പോലും നൽകാതെ നഴ്സുമാരെ പരിചരണത്തിന് നിയോഗിക്കുന്നതായി നഴ്സുമാരുടെ കുടുംബാഗങ്ങൾ എം എൽ എയോടു പരാതിപ്പെട്ടു. കോവിഡിനു ചികിത്സ നൽകുന്ന ആശുപത്രികളിൽ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ക്വാറെൻറ്റെയിനിലുള്ളവർക്കു സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും മാണി സി കാപ്പൻ ശരത്പവാറിനോട് അഭ്യർത്ഥിച്ചു.
കേരളത്തിൽനിന്നും നിരവധി നഴ്സുമാർ മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അവിടെ നിന്നും നഴ്സുമാരുടെ കുടുംബങ്ങൾക്കു ലഭിക്കുന്ന വിവരങ്ങൾ ഭീതിയുളവാക്കുന്നതാണെന്നും മാണി സി കാപ്പൻ ശരത്പവാവിനെ ധരിപ്പിച്ചു.
മലയാളി നഴ്സുമാരുടെ സേവനങ്ങൾ മഹത്തരമാണെന്നു പറഞ്ഞ ശരത്പവാർ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടലിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിക്കുമെന്നും മാണി സി കാപ്പനെ അറിയിച്ചു.
Post Your Comments