ശാസ്താംകോട്ട : ലോക് ഡൗണ്‍ ലംഘിച്ച് ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയില്‍ ഡി.വൈ.എഫ്.ഐ. കൊയ്ത്തുത്സവം നടത്തിയ സംഭവത്തിൽ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഴുപതോളം പേര്‍ക്കെതിരേ കേസെടുത്തു. കൊയ്ത്തിനിറങ്ങിയവരാരും മാസ്ക് ധരിച്ചില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരു മീറ്റര്‍ അകലം പാലിച്ചില്ല. എല്ലാവരും നിരന്നുനിന്നായിരുന്നു കൊയ്ത്ത്. മൂന്നുപേരില്‍ കൂടുതലായാല്‍ കേസെടുത്ത് പിഴ വിധിക്കുന്ന പോലീസും അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേര്‍ന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആരോഗ്യവകുപ്പും ഇതുവഴി പോയിട്ടും അനങ്ങിയില്ല.
ഒടുവില്‍ സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത് എന്നാണ് ആരോപണം. . അതേസമയം പോലീസ് തുടക്കത്തില്‍ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ശൂരനാട് എസ്.ഐ. ശ്രീജിത്ത് അറിയിച്ചു. പോരുവഴി വീട്ടിനാല്‍ ഏലായില്‍ കൊയ്ത്ത് ഉത്സവമാക്കിയത് നൂറോളം പേരാണ്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഡി.വൈ.എഫ്.ഐ. നേതാക്കളും അണിനിരന്നാണ് കൊയ്ത്ത് നടത്തിയത്.
സംഘടനയുടെ അഭിമാനനേട്ടമായി ആരെയും കൂസാതെയായിരുന്നു കൊയ്ത്ത്.സമീപത്ത് ബാനറും കെട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊയ്ത്തിന്റെ വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ നല്‍കി ആഘോഷം തുടങ്ങുകയും ചെയ്തിരുന്നു.പുറത്തുനിന്നെത്തിയവര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലമാണ് പോരുവഴി. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാല്‍ ഏലായിലെ അഞ്ചേക്കര്‍ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകളാണ് നെല്‍ക്കൃഷിയിറക്കിയത്. ഇതില്‍ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാന്‍ പാകമായി. കുടുംബശ്രീക്കാര്‍ സ്വന്തമായി കൊയ്യാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍, ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു.
Post Your Comments