വാഷിങ്ടണ്‍: ദുരന്തമരണങ്ങള്‍ തുടര്‍ക്കഥയാവുന്ന കെന്നഡി കുടുംബത്തിൽ വീണ്ടും ദാരുണമരണങ്ങൾ. വെടിയേറ്റു മരിച്ച യു.എസ്. മുന്‍ അറ്റോര്‍ണി ജനറല്‍ റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളും മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ അനന്തരവളുമായ മേവ് കെന്നഡി മകീനും (40) അവരുടെ മകന്‍ ഗിഡിയനും (8) തോണിയപകടത്തില്‍ മരിച്ചു.മേരിലാന്‍ഡിലെ ചെസാപീക്ക് ബേയിലുള്ള സൗത്ത് നദിയില്‍ വ്യാഴാഴ്ച ഇവരെ കാണാതാകുകയായിരുന്നെന്ന് ഗവര്‍ണര്‍ ലാറി ഹോഗന്‍ പറഞ്ഞു.
ഇരുവരെയും കാണാതായി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ പ്രതീക്ഷയ്ക്കു വകയില്ലെന്ന് മേവിന്റെ ഭര്‍ത്താവ് ഡേവിഡ് മകീന്‍ പറഞ്ഞു. മേവിന്റെ ശരീരം കണ്ടെടുത്തതായാണ് ഏറ്റവും പുതിയ വാർത്ത. കെന്നഡി കുടുംബത്തില്‍ വാഹനാപകടം, ലഹരിമരുന്നു ഉപയോഗം തുടങ്ങിയ കാരണങ്ങളാല്‍ ഇതുവരെ 16 പേരാണ് മരിച്ചത്. 1963-ല്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റും 1968-ല്‍ റോബര്‍ട്ട് കെന്നഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയും വധിക്കപ്പെട്ടു.
റോബര്‍ട്ട് കെന്നഡിയുടെ മകന്‍ ഡേവിഡ് ലഹരിമരുന്ന് കഴിച്ചും മറ്റൊരു മകന്‍ മൈക്കല്‍ സ്‍കീയിങ്ങിനിടെ വീണും മരിച്ചു. ജോണ്‍ എഫ്. കെന്നഡിയുടെ മകന്‍ കെന്നഡി ജൂനിയറും ഭാര്യ കാരലിനും 1999-ല്‍ വിമാനാപകടത്തിലും റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകള്‍ സെര്‍ഷ 2019-ല്‍ ലഹരിമരുന്നു കഴിച്ചും മരിച്ചു. റോബര്‍ട്ട് കെന്നഡിയുടെ മകളും മേരിലാന്‍ഡ് മുന്‍ ഗവര്‍ണറുമായ കാതലീന്‍ കെന്നഡി ടൗണ്‍സെന്‍ഡിന്‍റെ മകളാണ് മേവ്.
Post Your Comments